സംസ്ഥാന സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കാനോ, അന്വേഷിക്കാനോ ഗവർണർക്ക് അവകാശമില്ല: ടി.പി രാമകൃഷ്ണൻ

മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന്‌ അയച്ച്‌ സംശയനിവാരണം നടത്തുകയുമാണ്‌ ചെയ്യേണ്ടത്‌
സംസ്ഥാന സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിക്കാനോ, അന്വേഷിക്കാനോ ഗവർണർക്ക് അവകാശമില്ല: ടി.പി രാമകൃഷ്ണൻ
Published on

കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. കേരളത്തിലെ ഗവര്‍ണര്‍ക്ക്‌ ഭരണഘടനയുടെ അടിസ്ഥാന കാഴ്‌ചപ്പാടുകളോ, കീഴ്‌വഴക്കങ്ങളോ അറിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അന്വേഷിക്കാനുള്ള അദ്ദേഹത്തിന്റെ നടപടിയെന്ന് ടി.പി രാമകൃഷ്ണൻ പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രിസഭയുടെ ഉപദേശത്തിനും, ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും, ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കില്‍ പ്രസിഡന്റിന്‌ അയച്ച്‌ സംശയനിവാരണം നടത്തുകയുമാണ്‌ ചെയ്യേണ്ടത്‌.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അറിയാതെ നേരിട്ട്‌ വിളിക്കാനോ, അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവര്‍ണര്‍ക്കില്ല. ഭരണഘടനാപരമായ ഈ കാഴ്‌ചപ്പാടുകളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ്‌ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ഗവര്‍ണറുടെ കാലാവധി സെപ്‌തംബര്‍ 6-ാം തീയതി പൂര്‍ത്തിയായതാണ്‌. പുതിയ ഗവര്‍ണര്‍ വരുന്നതുവരെ തുടരാമെന്ന ആനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.

വയനാട്‌ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെയും, മാധ്യമങ്ങള്‍ കാണിക്കുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരെയും കോടതി പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പോലും വാര്‍ത്തയാക്കാത്ത മലയാളത്തിലെ മാധ്യമങ്ങള്‍ ജനാധിപത്യപരമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണെന്നും ടി.പി രാമകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com