
കേരളത്തിലെ ചർച്ചാ വിഷയമായ പകുതി വില തട്ടിപ്പിൽ വയനാട്ടിലും നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. വയനാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 366 പരാതികളും 19 കേസുകളും രജിസ്റ്റർ ചെയ്തു. ബത്തേരി, കല്പറ്റ, മാനന്തവാടി, കമ്പളക്കാട് എന്നിവിടങ്ങളിലാണ് കൂടുതൽ പരാതികളെത്തിയത്. രണ്ടായിരത്തോളം പേര് തട്ടിപ്പിനിരയായെന്ന് പ്രാഥമിക നിഗമനം. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നും വിലയിരുത്തലുണ്ട്.
സീഡ് സൊസൈറ്റിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. രജിസ്ട്രേഷന് സഹായിച്ച അക്ഷയ കേന്ദ്രങ്ങളുടെ പങ്കും അന്വേഷിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ദിനം പ്രതി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നതായി പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷം പ്രത്യേക അന്വേഷണസംഘം സംഭവം അന്വേഷിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.
അതേസമയം കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ്റെ പണമിടപാട് വിവരങ്ങൾ രേഖപ്പെടുത്തിയ രണ്ട് ഡയറികൾ അന്വേഷണ സംഘം കണ്ടെത്തി. മൂവാറ്റുപുഴ പായിപ്രയിലെ ഓഫീസിൽ ഡയറികൾ കണ്ടെത്തിയത്. പണം നൽകിയവരുടെ വിശദാംശങ്ങളാണ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അനന്തു കൃഷ്ണൻ വാങ്ങിയ ഭൂമിയുടെ ആധാരങ്ങൾ കസ്റ്റഡിയിലെടുത്ത് ക്രയവിക്രയ സാധ്യത മരവിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ ഓഫീസിലും, വീട്ടിലുമായാണ് ആധാരങ്ങൾ സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അനന്തു കൃഷ്ണൻ്റെ മൊഴി. വിവരങ്ങൾ അറിഞ്ഞ സ്ഥിതിക്ക് അതിനുള്ള നടപടക്രമങ്ങൾ ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
പകുതി വില തട്ടിപ്പ് ഇന്നലെ 6കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സ്കൂട്ടർ വാഗ്ദാനം ചെയ്ത് 40000ത്തോളം പേരിൽ നിന്ന് പണം വാങ്ങിയെന്നും പതിനെട്ടായിരം പേർക്ക് സ്കൂട്ടർ വിതരണം ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് പണം പിരിക്കാൻ നിന്ന ജീവനക്കാർക്ക് താമസിക്കാൻ ഫ്ലാറ്റുകൾ ഉൾപ്പെടെ വാടകയ്ക്ക് എടുത്ത് നൽകിയിരുന്നു. കൂടാതെ ഇവർക്ക് സൗജന്യ താമസവും ഒരുക്കി നൽകിയതായും പൊലീസ് കണ്ടെത്തി. ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് 95000ത്തോളം പേരിൽ നിന്നും പണം വാങ്ങിയെന്നും, ഇടുക്കി ജില്ലയിൽ ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും കണ്ടെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.