ഏഴ് ബന്ദികളെ കൂടി കൈമാറി ഹമാസ്; മോചിപ്പിക്കപ്പെട്ടവരില്‍ രണ്ട് ഇസ്രയേലികളും അഞ്ച് തായ്‌ലൻഡുകാരും

ബന്ദി മോചന കരാർ പ്രകാരം ഉന്നതനായ ഹമാസ് അം​ഗത്തെ ഇസ്രയേൽ മോചിപ്പിച്ചേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്
ഏഴ് ബന്ദികളെ കൂടി കൈമാറി ഹമാസ്; മോചിപ്പിക്കപ്പെട്ടവരില്‍ രണ്ട് ഇസ്രയേലികളും അഞ്ച് തായ്‌ലൻഡുകാരും
Published on

വെടിനിർത്തല്‍ കരാർ പ്രകാരം ഏഴ് ഇസ്രയേൽ ബന്ദികളെ  ഹമാസ് റെഡ് ക്രോസിന് കൈമാറി. രണ്ട് ഇസ്രയേല്‍ പൗരരും അഞ്ച് തായ്‌ലൻഡുകാരുമാണ് റെഡ് ക്രോസിന് കൈമാറപ്പെട്ടത്. അർബൽ യഹൂദ്, ഗാദി മോസസ് എന്നിവരാണ് മോചിപ്പിക്കപ്പെട്ട ഇസ്രയേൽ ബന്ദികൾ. ബന്ദികളെ ഹമാസ് കൈമാറിയതായി റെഡ് ക്രോസ് സ്ഥിരീകരിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

മോചിപ്പിക്കപ്പെട്ട ഗാദി മോസസ്, കിബ്ബറ്റ്സ് നിർ ഓസിസ് സ്വദേശിയാണ്. ഹമാസ് ​മോസസിനെ ബന്ദിയാക്കിയ ദിവസം അദ്ദേഹത്തിന്റെ പങ്കാളി എഫ്രാത്ത് കൊല്ലപ്പെട്ടിരുന്നു. അർബൽ യഹൂദിനെയും പങ്കാളി ഏരിയൽ കുനിയോയെയും ഇതേ സ്ഥലത്തു നിന്നാണ് ബന്ദിയാക്കിയത്. തട്ടിക്കൊണ്ടുപോകുമ്പോൾ 28 വയസായിരുന്നു അർബൽ യഹൂദിന്റെ പ്രായം.

ബന്ദി മോചന കരാർ പ്രകാരം ഉന്നതനായ ഹമാസ് അം​ഗത്തെ ഇസ്രയേൽ മോചിപ്പിച്ചേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. നിരവധി ഇസ്രയേൽ പൗരന്മാരുടെ മരണത്തിനു കാരണമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത സക്കറിയ സുബൈദിയെ ആകും മോചിപ്പിക്കുക. 49 കാരനായ സക്കറിയ 2000ൽ നടന്ന രണ്ടാം ഇൻതിഫാത സമയത്താണ് ഹമാസിന്റെ മുൻനിരയിലേക്ക് വരുന്നത്. പിന്നീട് ജെനിനിലും വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാംപുകളിലും ഇയാൾ പ്രശസ്തനായി. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിലാണ് സക്കറിയയുടെ അമ്മ കൊല്ലപ്പെട്ടത്. ഇസ്രയേലിനെതിരായ പൊരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആളായാണ് സക്കറിയയെ ഇസ്രയേൽ സുരക്ഷാ വിഭാ​ഗം കണക്കാക്കുന്നത്.

2023 ഒക്ടോബർ 7ന് നടന്ന ഹമാസ് ആക്രമണത്തിൽ ഇസ്രയേൽ പൗരന്മാർക്കൊപ്പം 31 തായ് വംശ​ജരെയാണ് ബന്ദികളാക്കിയിരുന്നത്. ഇതിൽ 23 പേരെ 2023ലെ വെടിനിർത്തൽ സമയത്ത് ഹമാസ് മോചിപ്പിച്ചിരുന്നു. ഹമാസിന്റെ പക്കൽ എട്ട് തായ് സ്വദേശികൾ കൂടിയുണ്ടെന്നാണ് ആ സമയത്ത് ഇസ്രയേൽ സൈന്യം പുറത്തുവിട്ട കണക്കുകൾ. അതിൽ രണ്ട് പേരെയാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com