ബന്ദികളായ ഷിരി ബിബാസ് ദമ്പതികളുടെ കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹങ്ങളും കൈമാറിയ കൂട്ടത്തിൽ ഉൾപ്പെടുന്നു
വെടിനിർത്തൽ കരാറിൻ്റെ ഘട്ടത്തിലാദ്യമായി ഇസ്രയേൽ ബന്ദികളുടെ മൃതദേഹം ഹമാസ് കൈമാറി. നാല് പേരുടെ മൃതദേഹമാണ് കൈമാറിയത്. കൈമാറിയവരുടെ കൂട്ടത്തിൽ 9 മാസവും നാല് വയസും പ്രായമുള്ള കുഞ്ഞുങ്ങളുടെ മൃതദേഹവും ഉൾപ്പെടുന്നുണ്ട്. ബന്ദികളായ ഷിരി ബിബാസ് ദമ്പതികളുടെ കുട്ടികളായ ഏരിയൽ, ക്ഫിർ എന്നിവരുടെ മൃതദേഹങ്ങളും കൈമാറിയ കൂട്ടത്തിൽ ഉൾപ്പെടുന്നു. മുൻ മാധ്യമപ്രവർത്തകനായ ഓഡെഡ് ലിഫ്ഷിറ്റ്സ് എന്ന 84 കാരൻ്റെ ശരീരവും ഇന്ന് കൈമാറിയിട്ടുണ്ട്.
ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലാണ് കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അവരിൽ പലരും ഇസ്രയേൽ പതാക ഉടർത്തിപ്പിടിച്ചാണ് നിന്നിരുന്നത്. മൃതദേഹം കൈമാറിയതിന് പിന്നാലെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. 2023 നവംബറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും അവർ അറിയിച്ചു. ഇസ്രയേലിൻ്റെ ക്രൂരവും തുടർച്ചയായിട്ടുള്ളതുമായ ആക്രമണങ്ങൾ കാരണം എല്ലാ ബന്ദികളെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ALSO READ: ആറ് ഇസ്രയേൽ ബന്ദികളെ ശനിയാഴ്ച മോചിപ്പിക്കും; പ്രഖ്യാപനവുമായി ഹമാസ്
കഴിഞ്ഞ മാസം ബന്ദിമോചന കരാർ നിലവിൽ വന്നതോടുകൂടിയാണ് ബന്ദികലെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രണ്ടാം ബന്ദിമോചന ചർച്ചകൾ ആരംഭിക്കുന്നുവെന്ന വാർത്ത പുറത്തുവരുന്ന ഘട്ടത്തിലാണ് മൃതദേഹം കൈമാറാനുള്ള നീക്കം ഹമാസ് നടത്തിയത്. ഇതിനിടയിൽ ശനിയാഴ്ചയോടെ ആറ് ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാൽ ബന്ദികളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിൻ്റെ അറിയിപ്പിൽ പറയുന്നത്.
മൂന്നുഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന 33ബന്ദികളിൽ 19പേരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ചവരുടെ പട്ടികയിലെ അവസാനത്തെ ആറുപേരെയാണ് ശനിയാഴ്ചയോടെ മോചിപ്പിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. 15മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും വിരാമമിട്ടാണ് ഹമാസ് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ തയ്യാറായത്.