നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ പങ്കെടുക്കണമെന്ന് ബിഷ്ണോയ് സമുദായം; ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി

നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ഉത്സവത്തിൽ പങ്കെടുക്കാനുള്ള ബിഷ്‌ണോയ് സമുദായത്തിൻ്റെ ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ പങ്കെടുക്കണമെന്ന് ബിഷ്ണോയ് സമുദായം; ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി
Published on


ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നിശ്ചയിച്ചിരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ പങ്കെടുക്കണമെന്ന ബിഷ്ണോയ് സമുദായത്തിൻ്റെ ആവശ്യം പരിഗണിച്ചാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതിയിൽ മാറ്റം വരുത്തിയത്.  ഒക്ടോബർ 1 ന് പകരം ഒക്ടോബർ 5 നാണ് സംസ്ഥാനത്ത്  വോട്ടിംഗ് നടക്കുക. ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ദിവസം ഒക്ടോബർ 4 ൽ നിന്ന് ഒക്‌ടോബർ 8 ആക്കി പുതുക്കി നിശ്ചയിച്ചതായും അറിയിച്ചു.

ഈ കാലയളവിൽ ബിഷ്‌ണോയി സമുദായത്തിൻ്റെ ഉത്സവം നടക്കുന്ന സമയമായതിനാൽ അവരുടെ പാരമ്പര്യത്തെ ബഹുമാനിച്ചും, വോട്ടിംഗ് അവകാശത്തെ പരിഗണിച്ചുമാണ് നടപടി. ഗുരു ജാംബേശ്വറിൻ്റെ സ്മരണയ്ക്കായി നടക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അസോജ് അമാവാസി ഉത്സവത്തിൽ പങ്കെടുക്കാനുള്ള ബിഷ്‌ണോയ് സമുദായത്തിൻ്റെ ആവശ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചത്.

Also Read : ബീഫ് കൈവശം വെച്ചെന്ന് ആരോപണം; മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കിടെ മധ്യവയസ്ക്കന് ക്രൂരമർദനം

ഈ വർഷം, ഒക്ടോബർ 2 നാണ് അസോജ് അമാവാസി ഉത്സവം, സിർസ, ഫത്തേഹാബാദ്, ഹിസാർ എന്നിവിടങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ബിഷ്‌ണോയി കുടുംബങ്ങൾ വോട്ടിംഗ് ദിനത്തിൽ രാജസ്ഥാനിലേക്ക് പോകുമെന്നും അവർക്ക് വോട്ടവകാശം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു. രാജ്യത്തെ വിവിധ സമുദായങ്ങളുടെ വികാരം മാനിച്ച് കമ്മീഷൻ ഇതിനു മുൻപ് പലപ്പോഴും തിരഞ്ഞെടുപ്പ് തീയതികൾ ക്രമീകരിച്ചിട്ടുണ്ട്



രാജസ്ഥാനിലെ ബിക്കാനീർ ആസ്ഥാനമായുള്ള അഖിലേന്ത്യാ ബിഷ്‌ണോയ് മഹാസഭയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ സ്വാധീനം ചെലുത്തിയിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ തലമുറകളായി ഗുരുവിൻ്റെ സ്മരണയ്ക്കായി രാജസ്ഥാനിൽ ഉത്സവത്തിന് എത്തിച്ചേരാറുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com