ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കണ്ണൂര്‍ ചെറുപുഴയില്‍ എട്ടു വയസുകാരിക്ക് അച്ഛന്റെ മര്‍ദനമേറ്റ സംഭവത്തില്‍ ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്.
ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും എന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അച്ഛനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാലങ്കാവ് സ്വദേശി മാമച്ചനെതിരെ ചെറുപുഴ പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
പിണങ്ങി കഴിയുന്ന അമ്മയെ തിരിച്ചു കൊണ്ടുവരാന്‍ പ്രാങ്ക് വീഡിയോ ചെയ്തു എന്നായിരുന്നു മാമച്ചന്‍ പൊലീസിനോട് പറഞ്ഞത്. അതേസമയം അമ്മയും കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും അമ്മയുടെ സഹോദരി അനിത പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കണ്ണൂര്‍ ചെറുപുഴ പ്രാപൊയിലില്‍ വാടകയ്ക്ക് താമസിക്കുന്ന മാലങ്കാവ് സ്വദേശി മാമച്ചന്‍ എട്ടുവയസുകാരിയായ മകളെ മര്‍ദിക്കുന്നത്. 12 കാരനായ കുട്ടിയുടെ സഹോദരന്‍ തന്നെ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നതോടെയാണ് കുട്ടിക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരമര്‍ദനം വ്യക്തമായത്.
ദൃശ്യം ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് പൊലീസില്‍ വിവരമറിയിച്ചു. വേര്‍പിരിഞ്ഞു കഴിയുന്ന അമ്മ തിരിച്ചുവരാന്‍ പ്രാങ്ക് വീഡിയോ ചെയ്തു എന്നായിരുന്നു മാമച്ചനും മക്കളും പൊലീസിനോട് പറഞ്ഞത്. ഇതോടെ പൊലീസ് ആദ്യഘട്ടത്തില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ന് രാവിലെ മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ബിഎന്‍എസ് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം അച്ഛന്‍ മാത്രമല്ല അമ്മയും കുട്ടിയെ മര്‍ദിക്കാറുണ്ടെന്ന് അമ്മയുടെ സഹോദരി അനിത പറഞ്ഞു. മര്‍ദിക്കുന്ന കാര്യം അറിയിച്ചിട്ടും കാസര്‍ഗോഡ് ചിറ്റാരിക്കല്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.