
തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും കനത്ത മഴയെ തുടർന്ന് മരണസംഖ്യ 27 ആയി. നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനങ്ങളിലെ റോഡ് റെയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 15ഓളം പേർ തെലങ്കാനായിലും 12 പേർ ആന്ധ്രയിലും മരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ ആയിരക്കണക്കിന് ആളുകളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ഇതുവരെ നൂറോളം ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. തെലങ്കാനയിലും ആന്ധ്രയിലും സർവീസ് നടത്തുന്ന സൗത്ത് സെൻട്രൽ റെയിൽവേ ശൃംഖലയിൽ ഒന്നിലധികം സ്ഥലങ്ങളിലെ ട്രാക്കുകളിലെ വെള്ളക്കെട്ട് കാരണം പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുമായും സംസാരിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.
കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഹൈദരാബാദിൽ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരുകയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തു. പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായത്തിന് നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. അടിയന്തര ജോലിയുണ്ടെങ്കിൽ മാത്രമേ വീടുകളിൽ നിന്ന് പുറത്തിറങ്ങാവൂ എന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.