
മാക്ടയെ തകർത്തത് സിനിമയിലെ പവർ ഗ്രൂപ്പെന്ന് ബൈജു കൊട്ടാരക്കര. മാക്ട-ഇഫ്റ്റ പ്രതിനിധികൾ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര. സർക്കാർ പിന്തുണ നൽകുന്നത് ഈ പവർ ഗ്രൂപ്പിനാണ്. ഫെഫ്ക യൂണിയൻ സിപിഐഎമ്മിലെ ചില ആളുകളെ കൂട്ടുപിടിച്ചു ടെലിവിഷൻ മേഖലയെയും പിടിച്ചെടുക്കുന്നുവെന്നും ഇതെല്ലാം ഫെഫ്കയുടെ തറവേലകളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ഫെഫ്കയിൽ നിരവധി പെൺകുട്ടികൾ പരാതി നൽകിയിട്ടുണ്ട്. ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്റെ കതകിൽ മുട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഫെഫ്കയിൽ നടക്കുന്നത് ഒത്തുതീർപ്പ് മാത്രമെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ബി. ഉണ്ണികൃഷ്ണൻ തൊഴിൽ നിഷേധിച്ചതിനു പിഴ അടച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയനായ മുകേഷിനെയും സർക്കാർ ചേർത്ത് പിടിക്കുകയാണ്. ഇവരെ കൂട്ടി സിനിമ കോൺക്ലേവ് സർക്കാർ സംഘടിപ്പിച്ചാൽ സന്ധിയില്ലാ സമരം നടത്തുമെന്നും, നയരൂപീകരണ സമിതിയിൽ നിന്നും ഇവരെ ഒഴിവാക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. മാക്ട പിളർന്നതോടെ ആണ് സിനിമയിൽ പവർ ഗ്രൂപ്പ് വന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. പവർ ഗ്രൂപ്പിൽ ദിലീപ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മറ്റു ആളുകളുടെ പേരുകൾ സർക്കാർ പുറത്തിവിടട്ടെയെന്നും പവർ ഗ്രൂപ്പ് ഇല്ല എന്ന് മുഖ്യമന്ത്രി പറയട്ടെഎന്നും ബൈജു കൊട്ടാരക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു
അതേസമയം, അടൂർ ഗോപാലകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഇപ്പോഴും പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് പന്തളം സുധാകരൻ ആരോപിച്ചു. സിനിമ കോൺക്ലേവ് വെറും ഭൂർഷത്വമാണെന്നും നയ രൂപീകരണ സമിതിയിൽ കുറ്റാരോപിതരെ ഉൾപ്പെടുത്തുന്നത് എന്തിണെന്നും പന്തളം സുധാകരൻ ചോദിച്ചു. യഥാർഥ കുറ്റവാളികളെ വെളിച്ചത് കൊണ്ടുവരണം. സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ക്ഷേമനിധി ബോർഡ് നിലവിൽ ഏകപക്ഷീയമാണ്. പവർ ഗ്രൂപ്പുകളുടെ പവർ പ്ലേ ആണ് നടക്കുന്നതെന്നും സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും പന്തളം സുധാകരൻ പറഞ്ഞു.
സിനിമ ആരുടെയും കുത്തക അല്ലെന്നും, സിനിമയിൽ ഇന്ന് വല്യേട്ടൻമാരുടെയും മാടമ്പിമാരുടെയും ആറാട്ടാണ് നടക്കുന്നത്. സിനിമ നയ രൂപീകരണ സമിതിയിൽ മാക്ട ഫെഡറേഷനും ഇഫ്റ്റ സംഘടനയ്ക്കും പ്രാതിനിധ്യം നൽകണമെന്നും മാക്ട-ഇഫ്റ്റ അംഗങ്ങൾ ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡിലും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചർച്ചകളിലും ഉൾപ്പെടുത്തണം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ച് സിനിമാരംഗം ശുദ്ധീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിനിമയെ ശുദ്ധീകരിക്കാൻ മാക്ട ഐഎൻടിയുസിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നും മാക്ട ഒരിക്കലും കോൺഗ്രസിന്റെ അടിമ ആവില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ള ആളുകളും മാക്ടയിൽ ഉണ്ടെന്നും മാക്ട-ഇഫ്റ്റ പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.