
ഏതെങ്കിലും തരത്തിലുള്ള ആക്രമണം സ്ത്രീകൾക്ക് നേരെ ഉണ്ടായാൽ അതിൽ പ്രതികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടികളുണ്ടാകും. സർക്കാർ ആരെയും രക്ഷിക്കാൻ ശ്രമിക്കുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രി ഹേമ കമ്മിറ്റി റിപ്പോർട്ട് അന്വേഷിക്കാന്‍ ഏറ്റവും നല്ല ഉദ്യോഗസ്ഥരെ അന്വേഷണ ചുമതലയിൽ നിർത്തിയിരിക്കുന്നത്. തെറ്റു ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സിനിമ സെറ്റിൽ എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് പ്രൊഡ്യൂസഴ്സ് അസ്സോസിയേഷനോട് പറഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ട് വെച്ച നിർദേശങ്ങൾ പാലിക്കപ്പെടുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. ഇതൊക്കെ ഇനി അഥവാ ഇല്ലെങ്കിൽ സർക്കാരിന് പരാതി നൽകിയാൽ ഉടൻ തന്നെ നടപടിയെടുക്കും. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
സിനിമ മേഖലയിൽ നയം രൂപീകരിക്കാനാണ് കോൺക്ലേവ് നടത്തുന്നതെങ്ങ് സജി ചെറിയാൻ പറഞ്ഞു. കോൺക്ലെവ് നടക്കാനോ നടക്കാതിരിക്കാനോ സാധ്യത ഉണ്ട്. ഓരോ സംഘടനയുമായി പ്രത്യേകം ചർച്ച നടത്താനും ആലോചിക്കുന്നുണ്ടെന്നും സർക്കാർ സ്ത്രീപക്ഷത്ത് തന്നെയാണെന്നും സജി ചെറിയാൻ പറഞ്ഞു. സ്ത്രീകൾക്ക് ഭയമില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന നയം തന്നെ രൂപീകരിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Read More: അന്‍വറിന്‍റെ പരാതി പാർട്ടി അന്വേഷിക്കും; വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ചർച്ചയാകും
അതേസമയം, പി. വി. അൻവർ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിട്ടുണ്ടെന്ന് സജി ചെറിയാൻ. പാർട്ടി തലത്തിലും സർക്കാർ തലത്തിലും പരിശോധിക്കേണ്ട കാര്യമാണിതെന്നും ഒരു പുഴുക്കുത്തുകളെയും സംരക്ഷിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.