എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ; പെണ്‍മക്കളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് നല്‍കാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു.
എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ; പെണ്‍മക്കളുടെ ഹര്‍ജി തള്ളി ഹൈക്കോടതി
Published on

സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്ക് നല്‍കാമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. അനാട്ടമി ആക്ട് പ്രകാരം നിയമപരമായി നടപടികള്‍ സ്വീകരിക്കാനായിരുന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. മകന്‍ എം.എല്‍. സജീവിനോട് ലോറന്‍സ് തന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കണമെന്ന് പറഞ്ഞിട്ടുള്ളതായി വിശ്വസിക്കാവുന്ന രണ്ട് പേര്‍ കൂടി സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് മകന് അനുകൂലമായി വിധി പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ മക്കളായ ആശ ലോറന്‍സും സുജാത ലോറന്‍സും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം തെറ്റായിരുന്നു എന്നായിരുന്നു പെണ്‍മക്കളുടെ വാദം. പിതാവ് പല മതചടങ്ങുകളിലും പങ്കെടുത്തയാളാണ്. എന്നാല്‍ ഇത്തരത്തില്‍ പറഞ്ഞതായി തങ്ങള്‍ക്ക് അറിവില്ല. മതപരമായ മൃതദേഹ സംസ്‌കരണമാണ് തങ്ങള്‍ക്കാവശ്യം എന്നും പെണ്‍മക്കള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി നേരത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനോട് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മകള്‍ ആശ ഉള്‍പ്പെടെയുള്ളവരുടെ വാദങ്ങള്‍ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പിതാവിന്റെ താത്പര്യപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറിയതെന്ന് മകന്‍ എം.എല്‍ സജീവന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പിതാവ് ഇത്തരത്തിലൊരു ആഗ്രഹം പ്രകടിപ്പിച്ചില്ലെന്നായിരുന്നു ആശയുടെ വാദം. കൃത്യമായ ബോധ്യത്തോടെയല്ല സമ്മത പത്രം നല്‍കിയതെന്ന് മറ്റൊരു മകള്‍ സുജാതയും കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com