"ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ജീവനൊടുക്കുമെന്ന് കരുതുന്നില്ല"; ഭർത്താവ് ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി

കണ്ണൂർ സ്വദേശി ഷമ്മികുമാറിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവെച്ചാണ് ഹൈക്കോടതി നിരീക്ഷണം
"ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ജീവനൊടുക്കുമെന്ന് കരുതുന്നില്ല"; ഭർത്താവ് ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി
Published on

സംശയത്തിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. ഇന്ത്യയിൽ ഒരു സ്ത്രീയും നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭർത്താവിനെതിരെയുള്ള കൊലപാതക കുറ്റം തെളിയിക്കാൻ ഇത് മതിയായ കാരണമാണ്. കണ്ണൂർ സ്വദേശി ഷമ്മികുമാറിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവെച്ചാണ് ഹൈക്കോടതി നിരീക്ഷണം.


‘സംശയം’ ഒരു രോഗമാണ്. ഇത് ചികിത്സിച്ചില്ലെങ്കിൽ, ഒരാൾ അന്ധനാകും, അനന്തരഫലം വിനാശകരമായിരിക്കുമെന്ന് പറഞ്ഞാണ് കേസിലെ ഹൈക്കോടതി വിധി പ്രസ്താവം തുടങ്ങുന്നത്. ഭാര്യയെ നിരന്തരം സംശയിച്ചിരുന്ന ഭർത്താവും കുടുംബവും അവളെ കൊലപെടുത്തി. പുറത്തുനിന്ന് പൂട്ടിയ ലോഡ്ജ് മുറിയിൽ നഗ്‌നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ക്യത്യമായ തെളിവുകൾ ശേഖരിച്ചതോടെ വിചാരണ കോടതി പ്രതികൾക്ക് കടുത്ത ശിക്ഷ വിധിച്ചു. എന്നാൽ ഇത് കൊലപാതകമല്ല ആത്മഹത്യയാണെന്നായിരുന്നു പ്രതികളുടെ വാദം.

പിന്നാലെ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയിലെത്തി. എന്നാൽ സാധാരണയായി ഇന്ത്യൻ സ്ത്രീകൾ ആത്മഹത്യ ചെയ്യുമ്പോൾ നഗ്നത മറയ്ക്കാറുണ്ടെന്ന നിരീക്ഷണമാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാറും ജസ്റ്റിസ് സി.പ്രതീപ് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടത്തിയത്. അതുകൊണ്ട് തന്നെ ഇത് ആത്മഹത്യയായി കണക്കാക്കാനാകില്ലെന്നും കോടതി കണ്ടെത്തി. കൂടാതെ പൊലീസ് സർജൻ്റെ തെളിവുകളും കോടതി പരിശോധിച്ചു. ഭർത്താവും മറ്റൊരു പ്രതിയായ ഭർത്താവിൻ്റെ മാതാവും മരിച്ച സ്ത്രീയുടെ ചാരിത്ര്യത്തെ സംശയിച്ചിരുന്നവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ .

പ്രതികൾക്കെതിരെ പ്രത്യക്ഷ തെളിവുകളില്ലെന്നും തെളിവ് നിയമപ്രകാരമുള്ള അനുമാനങ്ങളും ലാസ്റ്റ് സീൻ തിയറിയും ഉൾപെടെയുള്ള സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സംശയാതീതമായി കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും മെഡിക്കൽ തെളിവുകൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നുമായിരുന്നു വാദം.

എന്നാൽ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മരിച്ച യുവതി നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. യുവതിയെയും മകളെയും രഹസ്യമായി ലോഡ്ജിലേക്ക് കൊണ്ടുപോയത് ഭർത്താവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ കൊലപെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെന്നും തെളിവുകളിൽ നിന്ന് വ്യക്തമാണെന്നും സൂചിപ്പിച്ച കോടതി പ്രതിയുടെ ശിക്ഷ ശരിവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com