സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമായിരുന്നു ചാന്‍സലര്‍ നിയമിച്ചത്.
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിസ തോമസ് കേസിലെ ഡിവിഷന്‍ ബെഞ്ച് വിധി ഗവര്‍ണര്‍ പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയി ഡോ. സിസ തോമസിനെയുമായിരുന്നു ചാന്‍സലര്‍ നിയമിച്ചത്. എന്നാല്‍ ഇത് സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. 2023ലെ സിസ തോമസ് കേസിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി മറികടക്കുന്നതാണ് ചാന്‍സലറുടെ നടപടി എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ കാലാവധി 28ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ നിയമനത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആയിരിക്കുന്ന കാലത്താണ് താല്‍ക്കാലിക വിസി നയമനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംഘപരിവാറിന് വേണ്ടിയുള്ള നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചിരുന്നു. എന്നാല്‍ നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി, വിസി നിയമനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. വൈസ് ചാന്‍സലര്‍ ഇല്ലാത്ത അവസ്ഥ സര്‍വകലാശാലകളില്‍ അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.