കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലുള്ള അപകടരമായ മരങ്ങൾ മുറിച്ചു നീക്കണം; നിർദേശവുമായി ഹൈക്കോടതി

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിൽ നടപടിയുണ്ടായില്ലെന്ന് കാട്ടി അടിമാലി സ്വദേശി സന്തോഷ് മാധവൻ നൽകിയ ഹർജിയിലാണ് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on


കൊച്ചി- ധനുഷ്കോടി ദേശീയ പാതയിലുള്ള അപകടരമായ മരങ്ങൾ മുറിച്ചു നീക്കാൻ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർക്ക് നിർദേശം നൽകി ഹൈക്കോടതി. മഴ വീണ്ടും കനത്തതോടെ മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും ഉന്നയിക്കുന്നത്. മൂന്നാർ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

ദേശീയ പാതയിൽ അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നറിയിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജൂലൈ 16ന് ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി അടിമാലി സ്വദേശി സന്തോഷ് മാധവൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. യാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്ന മരങ്ങൾ ഏതെല്ലാമെന്ന് കലക്ടറുടെ നേതൃത്വത്തിൽ കണ്ടെത്തണം. തുടർന്ന് ഇവ വെട്ടി നീക്കാൻ വനം അധികൃതരെയോ ട്രീ കമ്മിറ്റിയേയോ ചുമതലപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

നേര്യമംഗലത്തിനു സമീപം വില്ലാഞ്ചിറയിൽ ജൂൺ 24നു കാറിനു മുകളിൽ വലിയ മരം വീണ് തങ്കമണി സ്വദേശി മരിച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും വിനോദസഞ്ചരികളും അടക്കം നൂറു കണക്കിന് വാഹനങ്ങൾ ഈ പാതയിലൂടെ ഓരോ മണിക്കൂറിലും കടന്നുപോകുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ദേശീയപാതയ്ക്ക് ഇരുവശവുമുള്ള 27 മരങ്ങളാണ് റോഡിലേക്ക് വീണതെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ പ്ലാൻ അനുസരിച്ച് റോഡ് വീതി കൂട്ടേണ്ട നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ അപകടകരമായ മരങ്ങളും മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com