വായനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര തീരുമാനം അറിയും വരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി

ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച സമയപരിധിയെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു
വായനാട് ഉരുള്‍പൊട്ടല്‍: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര തീരുമാനം അറിയും വരെ നടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി
Published on

വയനാട് ഉരുൾപൊട്ടലിൽ ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്ത ദുരന്തബാധിതർക്കെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിക്ക് (എസ്‌എൽ‌ബി‌സി) നിർദേശം നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത് വരെ നടപടികൾ സ്വീകരിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരി​ഗണിച്ച ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെയാണ് വിധി.

സംസ്ഥാനം ഏറ്റെടുത്ത പുനരധിവാസ പ്രവർത്തനങ്ങളും കേന്ദ്രം അതിന് നൽകുന്ന പിന്തുണയും സജീവമായി നിരീക്ഷിച്ചുവരികയാണ് കോടതി. മുഖ്യമന്ത്രി സംസ്ഥാനതല ബാങ്കുകളുടെ അസോസിയേഷനുമായി യോഗം ചേർന്നിട്ടുണ്ടെന്നും വായ്പ എഴുതിത്തള്ളാൻ കഴിയുന്ന മേഖലകൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എ.ആർ.എൽ. സുന്ദരേശൻ കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് ദേശീയ തല കമ്മിറ്റിക്ക് സമർപ്പിക്കും. ഈ കമ്മിറ്റിയുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും കേന്ദ്രം തീരുമാനമെടുക്കുകയെന്നും അഭിഭാഷകൻ പറഞ്ഞു.


ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതികൾ പൂർത്തിയാക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച സമയപരിധിയെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കുന്നതിനായി കേന്ദ്രം 529.50 കോടി രൂപയുടെ ദീർഘകാല പലിശരഹിത വായ്പ അനുവദിച്ചിരുന്നു. എന്നാൽ മാർച്ച് 31ന് മുമ്പ് ഈ പണം വിനിയോഗിക്കണമെന്ന് നിർദേശം. ഇത് പ്രായോ​ഗികമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടിവരുമെന്നും മാർച്ച് 17നകം മറുപടി നൽകണമെന്നും കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com