എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; ആരോപണം അന്വേഷിക്കാന്‍ ഉന്നതതല സംഘം രൂപീകരിച്ച് മുഖ്യമന്ത്രി

എഡിജിപി അജിത് കുമാറിനെതിരെ നടപടിയില്ല; ആരോപണം അന്വേഷിക്കാന്‍ ഉന്നതതല സംഘം രൂപീകരിച്ച് മുഖ്യമന്ത്രി

ഷെയ്ക് ദർവേഷ് സാഹിബ്, ഐജി ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്. മധുസൂദനൻ, തിരുവനന്തപുരം എസ്എസ്‌ബി ഇൻ്റലിജൻസ് എസ്‌പി എ. ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
Published on

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഡിജിപി  ഷെയ്ഖ് ദർവേഷ് സാഹിബ്, ഐജി ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‍പി എസ്. മധുസൂദനൻ, തിരുവനന്തപുരം എസ്എസ്‌ബി ഇൻ്റലിജൻസ് എസ്‌പി എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, എഡിജിപി അജിത്കുമാറിനെതിരായ അന്വേഷണ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.


എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റുമെന്ന് അറിയിപ്പ് വന്നിരുന്നെങ്കിലും പിന്നീട്, നടപടി എടുക്കില്ലെന്ന് അറിയിച്ചു. ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അജിത് കുമാറിനെതിരെ സർക്കാർ നടപടി എടുക്കാതെ സംരക്ഷിക്കുന്നുവെന്ന വിമർശനങ്ങളും ശക്തമാണ്. 

പി.വി. അൻവറിൻ്റെ ആരോപണങ്ങൾക്കു പിന്നാലെയാണ് എഡിജിപിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപി അജിത് കുമാർ കൊലപാതകങ്ങൾ ചെയ്യിപ്പിച്ചതായും എഡിജിപിക്കും എസ്‌പി സുജിത് ദാസിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നുമാണ് പി.വി. അൻവർ ആരോപിച്ചിരുന്നത്. ഡാൻസാഫ് സംഘം പക്കാ ക്രിമിനലുകളാണെന്നും പൊലീസിൽ സോഷ്യൽ ഓഡിറ്റിംഗ് വേണമെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

News Malayalam 24x7
newsmalayalam.com