
എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളെ ശരി വെച്ച് സോളാർ കേസ് പരാതിക്കാരി. അൻവർ പറഞ്ഞതാണ് സത്യമെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നേരത്തെ പരാതി നൽകിയിരുന്നെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
യുഡിഎഫ് നേതാക്കൾക്കെതിരെ മൊഴി നൽകുമ്പോൾ സൂക്ഷിക്കണമെന്നും കേസ് അവസാനിപ്പിക്കുകയാണെങ്കിൽ ജീവിക്കാനുള്ള വഴിയൊരുക്കി തരാമെന്ന് അജിത് കുമാർ പറഞ്ഞെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.
2016ലാണ് സോളാർ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുന്നത്. എന്നാൽ അന്ന് വിഷയത്തിൽ അന്വേഷണം നടന്നില്ല. പിന്നാലെ സോളാർ കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ കേസ് പിൻവലിക്കുകയാണെങ്കിൽ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നായിരുന്നു അജിത് കുമാർ പറഞ്ഞത്. പിന്നാലെ പലവഴികളിലൂടെ നിരന്തരം മാനസിക സമ്മർദ്ദത്തിലാക്കി. കേസ് സിബിഐക്ക് കൈമാറിയതോടെ പൊലീസിന് നൽകിയ മൊഴി സിബിഐക്ക് നൽകരുതെന്ന് എഡിജിപി ആവശ്യപ്പെട്ടുവെന്നും പരാതിക്കാരി പറയുന്നു.
സിബിഐ നല്ല രീതിയിലാണ് കേസ് അന്വേഷിച്ചു തുടങ്ങിയത്. എന്നാൽ കെ.സി വേണുഗോപാൽ സിബിഐ എസ്‌പി വഴി കേസ് അട്ടിമറിച്ചു. സിബിഐ അന്വേഷണ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ മടക്കി അയക്കുകയും മറ്റൊരു സിബിഐ ഉദ്യോഗസ്ഥനെ മാനസിക സമ്മർദ്ദത്തിലാക്കി രാജിവയ്പ്പിക്കുകയും ചെയ്തു. ഇതിന് പിന്നിൽ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും എം.ആർ. അജിത് കുമാർ അതിൻ്റെ ഭാഗമാണെന്നും മനസ്സിലായി. എന്നാൽ ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ശ്രമിച്ചപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി തടഞ്ഞു . പരാതിയിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥരുടെ പേരുമാറ്റി കൊണ്ടുവരാനായിരുന്നു പി. ശശിയുടെ ആവശ്യം. മുഖ്യമന്ത്രിയെ അറിയിക്കുന്നതിൽ നിന്ന് തടഞ്ഞത് എന്തിനെന്നറിയില്ല. കേസ് ഒതുക്കി തീർക്കാൻ ഇവർ കഠിനമായി പരിശ്രമിച്ചുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നെന്നും പരാതിക്കാരി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെയാണ് സോളാർ കേസ് അട്ടിമറിയിലും എഡിജിപി എം.ആർ. അജിത് കുമാറിന് പങ്കുണ്ടെന്ന് പി.വി.എൻവർ എംഎൽഎ വെളിപ്പെടുത്തുന്നത്. എം.ആർ. അജിത് കുമാറിന് കവടിയാർ കൊട്ടാരത്തിനു സമീപത്ത് വീട് നിർമാണം നടത്തുന്നുണ്ട്. ഇതിനായി കോർപ്പറേഷനിൽ അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കവടിയാർ കൊട്ടാരത്തിനു സമീപത്ത് സ്ഥലവില സെൻ്റിന് 70 ലക്ഷം രൂപയുണ്ടെന്നും പി.വി. അൻവർ ആരോപിക്കുന്നു.
എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണ്. സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണാക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു. തെളിവുകളുണ്ടായിരുന്ന രണ്ട് ഫോണുകൾ കാണാനില്ല. ചാലക്കുടി പുഴയിലെറിഞ്ഞുവെന്നാണ് വിവരം. കുറ്റം സമ്മതിപ്പിക്കാനായി പൊലീസ് ക്രൂരമായി മർദിച്ചെന്നും ഷാൻ്റെ കുടുംബത്തോട് മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. കരിപ്പൂർ കള്ളക്കടത്തിൽ അജിത് കുമാറിനു ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.