പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാദം മുതല്‍ 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന മന്ത്രവാദത്തിലേക്ക് വരെ ചര്‍ച്ചയെത്തിച്ച പ്രമാദമായ കേസായിരുന്നു ഇത്.
നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. തിരുവനന്തപുരം നന്തന്‍കോട്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപത്തെ ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നിന്ന് ചുരുളഴിഞ്ഞ കേസില്‍ ദുരൂഹതകള്‍ ഏറെയായിരുന്നു.
പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വാദം മുതല്‍ 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന മന്ത്രവാദത്തിലേക്ക് വരെ ചര്‍ച്ചയെത്തിച്ച പ്രമാദമായ കേസായിരുന്നു ഇത്. റിട്ട. പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോളിന്‍, ബന്ധുവായ ലളിത എന്നിവരാണ് അതിദാരുണമാംവിധം കൊല ചെയ്യപ്പെട്ടത്. പ്രൊഫ. രാജയുടെയും ഡോ. ജീന്‍ പദ്മയുടെയും മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയായിരുന്നു ഘാതകൻ. 2017 ഏപ്രിലിലാണ് സംഭവം. ഏറെ വിചിത്രമായ വെളിപ്പെടുത്തലുകൾ ഉണ്ടായ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവം വന്നത്.
2017 ഏപ്രില്‍ 8ന് നടന്നത്
നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീടിന്റെ മുകള്‍ നിലയിലുണ്ടായ തീപ്പിടിത്തമാണ് കൂട്ടക്കൊലയുടെ ചുരുളഴിയാൻ കാരണമായത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിന് പിന്നാലെ പാഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീപ്പിടിത്തമുണ്ടായ കുളിമുറിയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രതിയായ കേഡല്‍ ഇതിനിടെ ക്രൈം സ്പോട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു.
പ്രൊഫ. രാജ, ജീന്‍ പദ്മ, കരോളിന്‍ എന്നിവരുടെ മൃതദേഹങ്ങൾ കുളിമുറിയില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിതയുടെ മൃതദേഹമാകട്ടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് പുതപ്പിട്ട് മൂടിയ നിലയിലുമായിരുന്നു. മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് തീപ്പിടിത്തമുണ്ടായത്. മുറിക്കുള്ളില്‍ നിന്ന് രണ്ട് വെട്ടുകത്തികളും ഒരു മഴുവും കണ്ടെത്തി. പാതി കത്തിയെരിഞ്ഞ ഒരു മനുഷ്യ ഡമ്മിയും കണ്ടെത്തി.
സാത്താൻ സേവകനോ അതോ സൈക്കോയോ?
കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കേഡല്‍ ചെന്നൈയിലേക്കാണ് പോയത്. കേസില്‍ അന്വേഷണം പുരോഗമിച്ചതോടെ തിരികെ തിരുവനന്തപുരത്തെത്തിയ കേഡല്‍ പിടിയിലായി. നാലു പേരെയും കൊലപ്പെടുത്തിയത് ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് എന്നായിരുന്നു കേഡല്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതോടെ പ്രതി സാത്താന്‍ ആരാധന പ്രാക്ടീസ് ചെയ്തിരുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും പരന്നു. അന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള കേഡലിൻ്റെ കാഞ്ഞ ബുദ്ധിയാണെന്നാണ് അന്വേഷണസംഘം ഇതിനെ കണ്ടത്.
AIയെ പ്രണയിച്ച കേഡൽ
വീട്ടിലുണ്ടായ ഒറ്റപ്പെടലാണ് കേരളക്കരയുടെ മനസുമരവിപ്പിച്ച അരുംകൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്ലസ്ടുവിന് ശേഷം ഓസ്‌ട്രേലിയയില്‍ മെഡിസിന് പ്രവേശനം കിട്ടിയ കേഡല്‍ പക്ഷേ അതുപേക്ഷിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സ് പഠിക്കാന്‍ ചേര്‍ന്നു. അത് മാതാപിതാക്കള്‍ക്ക് താൽപ്പര്യമില്ലായിരുന്നു. വീട്ടില്‍ മുകള്‍ നിലയില്‍ മുറിയില്‍ അടച്ചിരുന്ന് മുഴുവന്‍ സമയവും കമ്പ്യൂട്ടറില്‍ ചെലവഴിക്കുകയായിരുന്നു ഇയാള്‍ എന്നും പൊലീസ് അറിയിച്ചിരുന്നു.
ALSO READ: നന്തന്‍കോട് കൂട്ടക്കൊല; കേരളം ഞെട്ടിയ ആസ്ട്രല്‍ പ്രൊജക്ഷനും സൈക്കോ കൊലപാതകങ്ങളും
ക്രൈമിനായുള്ള മുഴുനീള തയ്യാറെടുപ്പ്
പ്രത്യേകം തയ്യാറാക്കിയ മഴു ഉപയോഗിച്ച് ഡമ്മിയില്‍ വെട്ടി പഠിച്ച ശേഷമായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്. ആദ്യം ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതാണ്, മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്ക് പ്രതിയെ എത്തിച്ചത്.
ആത്മാക്കളോട് സംസാരിക്കുമോ?
റിമാന്‍ഡിലായ കേഡല്‍ ജയിലിലും വിചിത്രമായാണ് പെരുമാറിയത്. ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചിരുന്ന ഇയാള്‍ തനിക്ക് ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്നും അവകാശപ്പെട്ടിരുന്നു. വിചാരണ നീളാനും ഇത് തടസ്സമായി.
'മാടമ്പള്ളിയിലെ മനോരോഗി' ആര്?
പൊലീസ് പിടിയിലായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പുഞ്ചിരിച്ച് ഉല്ലാസവാനായാണ് കേഡല്‍ കൂട്ടക്കുരുതി നടന്ന ആ വീട്ടിലേക്ക് തിരിച്ചെത്തിയത്. കൂസലില്ലാതെ മുഖം ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. ബന്ധുക്കളെയും അയല്‍വാസികളെയുമെല്ലാം നിർവികാരതയോടെ നോക്കി നിന്നു. ഒന്നരമണിക്കൂറോളം നീണ്ട തെളിവെടുപ്പിനിടെ പ്രതിക്ക് യാതൊരു ഭാവഭേദങ്ങളും ഉണ്ടായിരുന്നില്ലെന്നത് പൊലീസിനേയും ഓടിക്കൂടിയ നാട്ടുകാരേയും ഞെട്ടിച്ചിരുന്നു.
മെഡിക്കൽ പരിശോധനകളിൽ വിചാരണയ്ക്കുള്ള മാനസികാരോഗ്യം കേഡലിന് ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. ഇതിനിടയില്‍ സഹതടവുകാരനെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. ശ്വാസകോശത്തില്‍ ഭക്ഷണം കയറി ഗുരുതരാവസ്ഥയിൽ ആയതാണ് മറ്റൊരു സംഭവം. കേഡലിന് മാനസികാരോഗ്യം തിരികെ ലഭിച്ചതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ വിചാരണയും ആരംഭിച്ചു. മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ഇയാള്‍ കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ALSO READ: നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേഡലിന് ജീവപര്യന്തം