മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്
കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ പാറകുളത്തിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. മാടപ്പള്ളി നടയ്ക്കപ്പാടം സ്വദേശി ജാൻസി കുഞ്ഞുമോൻ(50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് പാറകുളത്തിൽ നിന്നും ജാൻസിയുടെ മൃതദേഹം ലഭിച്ചത്.
ഇന്നലെ മുതൽ ജാൻസിയെ കാണാനില്ലായിരുന്നു. ഭർത്താവ് കുഞ്ഞുമോൻ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ വീട്ടിൽ നിന്നും ആശുപത്രിയിൽ പോകാനെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ജാൻസി. ഏറെ വൈകിയിട്ടും വീട്ടിലെത്താഞ്ഞതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പാറകുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ജാൻസിയുടെ ദൃശ്യം പതിഞ്ഞിരുന്നു. തൃക്കൊടിത്താനം പൊലീസും ചങ്ങനാശേരി ഫയർ ഫോഴ്സും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ജാൻസിയുടേതാണെന്ന് വ്യക്തമായത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.