മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖ്, ബന്ധു റെജി എന്നിവരാണ് പിടിയിലായത്
പത്തനംതിട്ട വടശ്ശേരിക്കരയിലെ യുവാവിന്റെ കൊലപാതകത്തിൽ ബന്ധു ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മരിച്ച ജോബിയുടെ സുഹൃത്ത് വിശാഖ്, ബന്ധു റെജി എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിലാണ് ആക്രമണമെന്നും രക്തം വാർന്നാണ് ജോബി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് റാന്നി പേങ്ങോട്ടുകടവ് റോഡ് കടവിൽ ജോബിയെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കഴിഞ്ഞദിവസം ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
റെജിയുടെ വീട്ടിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ജോബിയുടെ സുഹൃത്ത് വിശാഖ് പുറത്തേക്ക് പോയി. പിന്നാലെ ഫോണിലൂടെ അസഭ്യം വിളിച്ചതാണ് വാക്കുതർക്കത്തിന് കാരണമായത്. തർക്കം കനത്തതോടെ വിശാഖ് കത്തി കൊണ്ട് ജോബിയുടെ കൈത്തണ്ടയിൽ കുത്തി. രക്തം വാർന്നാണ് ജോബി മരിച്ചതെന്നും പൊലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബന്ധു റെജിയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. റെജി തന്നെ മരണവിവരം വാർഡ് മെമ്പറേയും പൊലീസിനെയും വിളിച്ച് അറിയിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജോബിയുടെ മൃതദേഹം.