പ്രണയക്കെണി, വഴിതെറ്റിയ സൗഹൃദങ്ങൾ, കുടുംബങ്ങളിലെ മോശം സാഹചര്യം എന്നിവയാണ് ലഹരിക്കെണിയിലേക്കും ലഹരി വ്യാപാരത്തിലേക്കും പെൺകുട്ടികളെ കൊണ്ടെത്തിക്കുന്നത്
സംസ്ഥാനത്ത് ലഹരി കടത്തിൽ ജയിലിലെത്തുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം 45 പെൺകുട്ടികളാണ് മയക്കുമരുന്ന് കടത്തിൽ പ്രതികളായി ജയിലിൽ എത്തിയത്. 20- നും 27- നും ഇടയിൽ പ്രായമുള്ളവരാണ് ഇവരിലേറെയും. പ്രണയക്കെണി, വഴിതെറ്റിയ സൗഹൃദങ്ങൾ, കുടുംബങ്ങളിലെ മോശം സാഹചര്യം എന്നിവയാണ് ലഹരിക്കെണിയിലേക്കും ലഹരി വ്യാപാരത്തിലേക്കും പെൺകുട്ടികളെ കൊണ്ടെത്തിക്കുന്നത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാണെന്ന് സർക്കാർ വാദിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവരുന്നത്.
തിരുവനന്തപുരത്തുനിന്നുള്ള ഞെട്ടിക്കുന്ന കഥ അന്വേഷിച്ച് പോയപ്പോഴാണ് ന്യൂസ് മലയാളത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ലഹരിമാഫിയയിൽ പെട്ടതിന് പിന്നാലെ ജീവിതം നശിച്ചുപോയ പെൺകുട്ടിയുടെ കഥയാണിത്. 20-ാം വയസിലാണ് ആദ്യമായി ഈ പെൺകുട്ടി ലഹരി കേസിൽ ജയിലിലാകുന്നത്. കുടുംബത്തിലെ മൂത്തവളായിരുന്ന കുട്ടി പഠനത്തിലും ചിത്രകലയിലും മിടുമിടുക്കിയായിരുന്നു. പക്ഷെ വീട്ടിലെ അന്തരീക്ഷം അവളുടെ ജീവിതത്തിൻ്റെ താളം തെറ്റിച്ചു. വീട്ടിൽ കിട്ടാത്ത സന്തോഷം സുഹൃത്തുക്കൾക്കൊപ്പം കണ്ടെത്താൻ കുട്ടി ശ്രമിച്ചുതുടങ്ങി. പോയ വഴികളിലെല്ലാം ലഹരിമാഫിയയുടെ നീരാളിക്കൈകളായിരുന്നു അവളെ തെരഞ്ഞു ചെന്നത്. ആ ദിവസങ്ങളുടെ അനിശ്ചിതത്വത്തിൽ അതാണ് ശരിയെന്ന് അവൾക്ക് തോന്നിയിരിക്കാം.
ALSO READ: മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം: നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ
പതിയെ പതിയെ പെൺകുട്ടി ലഹരിമരുന്ന് സംഘത്തിന്റെ ഇടനിലക്കാരിയായി. സ്ഥിരം ഇടപാടുകാരിയായതോടെ പൊലീസ് പിടിയിലായി. ആ സമയം അതുവരെ ഒപ്പം കൂടിയവർ അവൾക്കൊപ്പമുണ്ടായിരുന്നില്ല. തൊണ്ടിയായി പിടിച്ചെടുത്ത ലഹരിമരുന്ന് എവിടെ നിന്ന് വന്നെന്നും എങ്ങോട്ടേക്ക് പോകുന്നുവെന്നും അവൾക്ക് അറിയില്ലായിരുന്നു. ജാമ്യത്തിൽ എടുക്കാൻ ആദ്യമൊന്നും വീട്ടുകാരും ചെന്നില്ല. ഒടുവിൽ തെറ്റ് തിരുത്താമെന്ന പെൺകുട്ടിയുടെ വാക്കിൽ ജയിൽ ഉദ്യോഗസ്ഥർ വീട്ടുകാരെ ബന്ധപ്പെട്ടു. അമ്മയുടെ ജാമ്യത്തിൽ തിരികെ വീട്ടിലെത്തി.
ഓരോ തവണ കോടതി കയറുമ്പോഴും വക്കീൽ ഫീസായി പതിനായിരങ്ങളാണ് ചെലവാകുന്നത്. ഉള്ളതെല്ലാം വിറ്റു പെറുക്കി വക്കീലിന് പണം കൊടുത്തു. വീട്ടിൽ കുറ്റപ്പെടുത്തലുകളും കുത്ത് വാക്കുകളും കൂടിക്കൂടി വന്നു. തിരുത്താനും മാറാനും പലകുറി നോക്കിയെങ്കിലും ജീവിക്കാൻ പണം വേണം. ജോലി തേടി പല വാതിലുകൾ മുട്ടി, ദുർനടപ്പുകാരി എന്ന പേരിൽത്തട്ടി അവസരങ്ങളെല്ലാം അകന്നുപോയി. അപ്പോഴാണ് ലഹരിമാഫിയ വീണ്ടും തേടിവന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം അതേ വാർത്ത ഒന്നുകൂടി ആവർത്തിച്ചു. രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പം ലഹരി മരുന്നുമായി തമിഴ്നാട് പൊലീസ് അവളെ പിടികൂടി. ഇപ്പോൾ നാഗർകോവിൽ ജയിലിലാണ്.
ഇതൊരാളുടെ കാര്യമല്ല. പെൺകുട്ടികൾ ക്യാരിയർമാരായി എത്തുന്ന കേസുകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. 2022-23- ൽ മയക്കുമരുന്ന് കേസുകളിൽ പെട്ട് 28 സ്ത്രീ തടവുകാരാണ് കേരളത്തിലെ വിവിധ ജയിലുകളിലായി എത്തിയത്. 2023-24 ൽ അത് 36 ആയും 2024-25-ൽ 53 ആയും ഉയർന്നു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്ന് കരുതിയാണ് ലഹരിമാഫിയ പെൺകുട്ടികളെ തേടിയെത്തുന്നത്. എൻഡിപിഎസ് കേസുകളിൽ പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ നിലവിൽ കഴിയുന്ന ആകെ സ്ത്രീകളുടെ കണക്കം ഞെട്ടിക്കുന്നതാണ്. ഒരിക്കൽ അകപ്പെട്ടാൽ പിന്നെ പുറത്തുകടക്കാനാകാത്ത ഒരു കിനാവള്ളിയാണിത്. ജയിൽ മോചിതരായാലും വീണ്ടും ലഹരി കേസുകളിൽ പെട്ട് അവർ ജയിലിലേക്ക് തന്നെ തിരികെയെത്തുന്നു.