പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
കാസർഗോഡ് നീലേശ്വരം കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തിൽ മനുഷ്യാവകാശ സ്വമേധയാ കമ്മീഷൻ കേസെടുത്തു. കാസർഗോഡ് ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അറിയിച്ചു.
കാസർഗോഡ് ഗവ. ഗസ്റ്റ് ഹൗസിൽ അടുത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150ലേറെ പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെയാണ് അപകടം നടക്കുന്നത്. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റിനേയും സെക്രട്ടറിയേയും കസ്റ്റഡിയിലെടുത്തിരുന്നു. കമ്മിറ്റി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ക്ക് തെറ്റുപറ്റി. പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും അഭിപ്രായപ്പെട്ടു. അശ്രദ്ധമായി വെടിക്കെട്ട് നടത്തിയതിന് 8 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉത്തര മലബാറില്‍ കളിയാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ്. ഇനി ഉത്സവങ്ങള്‍ നടക്കാനിരിക്കുന്ന അമ്പലങ്ങളുടെ കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുമെന്നും ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.