
പത്തനംതിട്ടയിൽ ഇരുപത് അംഗ സംഘത്തെ പൊലീസ് അകാരണമായി മർദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലയ്ക്ക് പുറത്തെ എസ്. പി. റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് നിർദേശം നൽകിയത്. മാർച്ച് 14ന് നടക്കുന്ന സിറ്റിങ്ങിൽ ഐജി നിയോഗിക്കുന്ന സീനിയർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
ഫെബ്രുവരി നാലിന് പത്തനംതിട്ടയിൽ വിവാഹ അനുബന്ധ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെയാണ് നടുറോഡില്‍ വെച്ച് അകാരണമായി പൊലീസ് മർദിച്ചത്. കേരള പൊലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയുടെ നേർചിത്രമായിരുന്നു സംഭവം. സ്ത്രീകളടക്കമുള്ളവരെ പൊലീസ് മർദിച്ചെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായതോടെയാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെടുന്നത്.
പത്തനംതിട്ട അബാന്‍ ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട കോട്ടയം സ്വദേശികൾക്കാണ് പൊലീസിൻ്റെ മർദനമേറ്റത്. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദിച്ചത്. 20 അംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം പാഞ്ഞെത്തി മർദിച്ചു എന്നാണ് പരാതി.
മുണ്ടക്കയം സ്വദേശി സിത്താര, ഭര്‍ത്താവ് ശ്രീജിത്ത്, ബന്ധു ഷിജിന്‍ എന്നിവര്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. വാഹനത്തിന് പുറത്തു നിന്ന മറ്റുള്ളവര്‍ക്കും അടി കിട്ടി. അക്രമം നടത്തിയ ശേഷം എസ്‌ഐ ജിനുവും സംഘവും വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവര്‍ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സിത്താരയുടെ കൈക്ക് പൊട്ടലും ശ്രീജിത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുമേറ്റിരുന്നു.
സ്ഥലത്ത് സംഘര്‍ഷം നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് എത്തിയെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ പൊലീസിന് നില്‍ക്കക്കള്ളി ഇല്ലാതാകുകയായിരുന്നു. സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുത്തിരുന്നു. മർദനമേറ്റ സിതാരയുടെ മൊഴിയിലാണ് കേസെടുത്തത്. ഉണ്ടായത് പൊലീസ് അതിക്രമമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.
എസ്ഐ ജിനുവിൻ്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് സംഘം ആളുമാറിയാണ് ആക്രമിച്ചത്. എസ്ഐയും സംഘവും എത്തിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ നടപടിയും അന്വേഷണവും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ പ്രതികരിച്ചിരുന്നു.
അതേസമയം സംഭവത്തിൽ എസ്ഐ ജിനുവിന് സസ്പെൻഷൻ ലഭിച്ചിരുന്നു. റേഞ്ച് ഡിഐജിയുടേതാണ് നടപടി. എസ്ഐ എസ്. ജിനുവിനെ കൂടാതെ മൂന്ന് പൊലീസുകാരെയും സസ്പെന്റ് ചെയ്തു. പത്തനംതിട്ട എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.