ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു
തിരുവനന്തപുരം പേരൂർക്കടയിൽ ദളിത് യുവതി പൊലീസ് സ്റ്റേഷനിൽ മാനസിക പീഡനത്തിനിരയായ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈഎസ്പി കേസന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ജില്ലാ പൊലീസ് മേധാവി സൗത്ത് സോൺ ഐജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പൊലീസ് പീഡനത്തിന് ഇരയായ ദളിത് യുവതിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിൽ മാത്രം രേഖപ്പെടുത്തണം. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണം. യുവതി പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന സമയത്തുള്ള സിസിടിവി ദ്യശ്യങ്ങൾ പരിശോധിക്കണം. ജനറൽ ഡയറി, എഫ്ഐആർ എന്നിവ പരിശോധിച്ച് ഇര എത്ര സമയം സ്റ്റേഷനിൽ ഉണ്ടായിരുന്നുവെന്ന് വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തണം. അങ്ങനെയുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ കമ്മീഷനെ അറിയിക്കണം. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറണം. ജില്ലാ പൊലീസ് മേധാവിയുടെ വിലയിരുത്തൽ ഉൾപ്പെട്ട റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ പറയുന്നു.
അതേസമയം, സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പ്രദീപിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. ഏപ്രിൽ 23നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു കോൾ. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ച് ചീത്ത വിളിക്കുകയായിരുന്നു. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. വിവരം കുടുംബത്തെ അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നാലെ മഫ്തിയിലുള്ള പൊലീസ് സംഘം പരാതിക്കാരിയുടെ കാറിൽ ബിന്ദുവുമായി വീട്ടിലേക്ക് തിരിച്ചു. തൊണ്ടിമുതൽ തേടിയായിരുന്നു പൊലീസ് വീട്ടിലെത്തിയത്. ഒടുവിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ മാല വീട്ടിൽ നിന്നുതന്നെ തിരിച്ചുകിട്ടിയിട്ടും മേലാൽ കണ്ടു പോകരുതെന്ന താക്കീത് നൽകിയാണ് ബിന്ദുവിനെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടത്. പൊലീസ് സ്റ്റേഷനിൽ അനുഭവിച്ചതൊക്കെയും വിശദമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിനും ബിന്ദു പരാതി നൽകിയിട്ടുണ്ട്. എന്നാൽ ദിവസം ഇത്രയായിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.