എസ്ഐയെ സസ്പെൻഡ് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും, എന്നാൽ മറ്റു രണ്ട് പൊലീസുകാർക്കെതിരെ കൂടി നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
പേരൂർക്കടയിൽ മോഷണക്കുറ്റം ചുമത്തി ദളിത് യുവതി ബിന്ദുവിനെ 20 മണിക്കൂർ കസ്റ്റഡിയിൽ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പ്രദീപിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
എസ്ഐയെ സസ്പെൻഡ് ചെയ്തതിൽ വളരെയധികം സന്തോഷമുണ്ടെന്നും, എന്നാൽ മറ്റു രണ്ട് പൊലീസുകാർക്കെതിരെ കൂടി നടപടി വേണമെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. "മുഖ്യമന്ത്രിക്ക് പരാതിയുമായി വക്കീലിനൊപ്പമാണ് പോയത്. പി. ശശിയാണ് പരാതി വാങ്ങിയത്. തുറന്ന് നോക്കിയില്ല. ഡിജിപിക്ക് നൽകിയ പരാതിയിലും നടപടി ആയിട്ടില്ല. തനിക്ക് നീതി ലഭിക്കണം," ബിന്ദു വിമർശിച്ചു.
വളരെ മോശമായാണ് പൊലീസുകാർ പെരുമാറിയതെന്നും ബിന്ദുവിന് ഭക്ഷണം നൽകാൻ കൂടി സമ്മതിച്ചില്ലെന്നും ഭർത്താവ് പ്രദീപ് പറഞ്ഞു. മാല ലഭിച്ചതിന് ശേഷവും ക്ഷമാപണം നടത്തിയിട്ടില്ലെന്നും പ്രദീപ് വിമർശിച്ചു. നേരത്തെ പൊലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ഇനിയും നീതി കിട്ടിയിട്ടില്ലെന്ന് ബിന്ദു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സംഭവത്തിൽ ബിന്ദുവിനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ബിന്ദുവിൻ്റെ വീട് സന്ദർശിച്ച് പിന്തുണയറിയിച്ചു.
അതേസമയം, തനിക്കെതിരായ ബിന്ദുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ലഭിച്ചയുടൻ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നതായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞു. പരാതിക്കാരായ വീട്ടുകാർ കേസെടുക്കണം എന്ന് പറഞ്ഞപ്പോഴാണ് കോടതിയെ സമീപിക്കണമെന്ന് പറഞ്ഞത്. സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാരുടെ മൊഴിയെടുക്കുന്നു. കൻ്റോൻമെന്റ് അസി. കമ്മീഷണറാണ് പേരൂർക്കട സ്റ്റേഷനിലെ പൊലീസുകാരുടെ മൊഴിയെടുക്കുന്നതെന്നും പി. ശശി പറഞ്ഞു.
ഏപ്രിൽ 23നായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടുജോലി കഴിഞ്ഞ് മടങ്ങും വഴി ബിന്ദുവിന് പേരൂർക്കട സ്റ്റേഷനിൽ നിന്നും ഒരു ഫോൺകോൾ വന്നത്. ജോലി ചെയ്ത വീട്ടിലെ ഉടമയുടെ മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു ഈ കോൾ വന്നത്. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും തിരിച്ചുകേട്ടത് ചീത്ത വിളികളാണ്. പിന്നാലെ ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിവരം കുടുംബത്തെ അറിയിക്കാൻ പോലും ബിന്ദുവിനെ പൊലീസ് അനുവദിച്ചില്ല. പിന്നാലെ മഫ്തിയിലുള്ള പൊലീസ് സംഘം പരാതിക്കാരിയുടെ കാറിൽ ബിന്ദുവുമായി വീട്ടിലേക്ക് തിരിച്ചു. തൊണ്ടിമുതൽ തേടിയായിരുന്നു പൊലീസ് വീട്ടിലെത്തിയത്. ഒരു സംഘം ആളുകൾക്കൊപ്പം ബിന്ദു വീട്ടിലേക്ക് വരുന്നത് കണ്ട ഭർത്താവിന് ആദ്യം കാര്യം മനസ്സിലായിരുന്നില്ല.
ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ പൊലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ വെച്ചു. ഒടുവിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ മാല വീട്ടിൽ നിന്നുതന്നെ തിരിച്ചുകിട്ടി. മേലാൽ കണ്ടു പോകരുതെന്ന താക്കീത് കൂടി നൽകിയായിരുന്നു ബിന്ദുവിനെ സ്റ്റേഷനിൽ നിന്ന് പറഞ്ഞുവിട്ടത്. 23ാം തീയതി അനുഭവിച്ചതൊക്കെയും വിശദമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിനും ബിന്ദു പരാതി നൽകിയിരുന്നു. എന്നാൽ ദിവസം ഇത്രയായിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.