
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പിടിയിലായവർ ലഹരിക്കടത്തിന്റെ കണ്ണികൾ മാത്രമാണ്. ലഹരി വസ്തുക്കൾ വിറ്റതിനുശേഷം മാത്രം പണം നൽകുന്നതാണ് രീതിയെന്ന് തസ്ലീമ എക്സൈസിനു മൊഴി നൽകി.
ലഹരി ഇടപാടുകളിലെ സാമ്പത്തിക സ്രോതസും അന്വേഷിക്കും. തസ്ലീമയുടെ മൊബൈൽ ഫോൺ പരിശോധന ഫലം പുറത്ത് വരുന്നതോടെയാകും അന്വേഷണം. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് നൽകുന്നതും വൈകിയേക്കും.
കഴിഞ്ഞ ദിവസമാണ് രണ്ടു കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താന, ഫിറോസ് എന്നിവരെ എക്സൈസ് സംഘം പിടികൂടുന്നത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖർക്ക് വേണ്ടിയാണെന്ന് ഇവർ മൊഴി നൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് താരങ്ങളുടെ ബന്ധം വെളിപ്പെടുത്തിയത്. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് നിരോധിത ലഹരി വസ്തുക്കൾ നൽകാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുൽത്താൻ മൊഴി നൽകിയിരുന്നു. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്സൈസിന് തസ്ലീമ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് അറിയിച്ചു.
നാർക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓമനപ്പുഴ തീരദേശ റോഡിൽ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റീന എന്ന് വിളിക്കുന്ന ചെന്നൈ സ്വദേശിനി തസ്ലീമ സുൽത്താനയേയും ഫിറോസ് എന്ന മണ്ണഞ്ചേരി സ്വദേശിയേയും സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.