"നിയമപരമായി നേരിടും"; കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ചതിന് കേസെടുത്തതിൽ ഗായകൻ അലോഷി

പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്, ആസ്വാദകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അലോഷി ആദം പ്രതികരിച്ചു
"നിയമപരമായി നേരിടും"; കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ചതിന് കേസെടുത്തതിൽ ഗായകൻ അലോഷി
Published on

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തിൽ കേസെടുത്തതിൽ പ്രതികരണവുമായി ഗായകൻ അലോഷി ആദം. കേസിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി പ്രതികരിച്ചു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്, ആസ്വാദകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അലോഷി ആദം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷി ആദത്തിനെതിരെ കേസെടുത്തത്. കേസിൽ ഒന്നാം പ്രതിയാണ് അലോഷി. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മത സ്ഥാപനങ്ങൾ ( ദുരുപയോഗം തടയൽ) നിയമത്തിലെ 3, 5, 6, 7 വകുപ്പുകൾ പ്രകാരമാണ് കേസ്.

വിപ്ലവഗാന വിവാദത്തിൽ ക്ഷേത്ര ഉപദേശക സമിതിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഗാനമേളയ്ക്ക് എത്ര തുക ചെലവഴിച്ചുവെന്നും, എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ല. അമ്പല പറമ്പിൽ നടന്നത് അനുവദിക്കാനാവാത്ത കാര്യങ്ങളാണ്. പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും കോടതി അറിയിച്ചു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും പൊക്കിപ്പിടിച്ച് യുവാക്കൾ നൃത്തം വെച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റാകാൻ, 19 കേസ് ഉള്ള വ്യക്തിയെ എങ്ങനെ പരിഗണിച്ചുവെന്നും കോടതി ചോദ്യമുന്നയിച്ചു. ഡിവൈഎഫ്ഐ പതാക മാത്രമല്ല, , സിപിഐഎം ചിഹ്നവും സ്റ്റേജിൽ കാണിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിൻ്റെ ചാനൽ ദൃശ്യങ്ങളും സ്ക്രീൻ ഷോട്ടുകളും കോടതി പരിശോധിച്ചു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോർഡ് സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു.

ക്ഷേത്രത്തിൽ വിപ്ലവ ഗാനങ്ങൾ ആലപിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്. 20 ഗാനങ്ങൾ പാടി, അതിൽ രണ്ട് എണ്ണമായിരുന്നു വിപ്ലവ ഗാനങ്ങൾ. തിരുവാതിര ഉത്സവത്തിലെ ​ഗാനമേളയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന ഗാനങ്ങൾ പാടുന്നതാണ് രീതിയെന്നായിരുന്നു ഗായകൻ അലോഷിയുടെ പ്രതികരണം. കടയ്ക്കലും സംഭവിച്ചത് അത്തരത്തിലാണെന്നും വേദിയിലെ എൽഇഡി വാളിൽ വന്ന ചിത്രത്തെക്കുറിച്ചറിയില്ലെന്നും അലോഷി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com