അതേസമയം ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു യുവാവ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. 2012ല്‍ തന്നെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പാരാതി. അന്ന് നടി രേവതിക്ക് തന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തുവെന്ന് രഞ്ജിത്ത് തന്നോട് പറഞ്ഞുവെന്നും യുവാവ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചിരിക്കുകയാണ് നടി രേവതി.
'രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ എനിക്ക് ഇതേ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല', എന്നായിരുന്നു രേവതിയുടെ പ്രതികരണം.
അതേസമയം ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തു. കസബ പൊലീസാണ് സംവിധായകനെതിരെ കേസെടുത്തത്. ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയിലാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 377 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കോഴിക്കോടെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തുവിടണം, അതാണ് ഫെഫ്കയുടെ നിലപാട് : ബി ഉണ്ണികൃഷ്ണന്‍
സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബാംഗ്ലൂരില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്റെ പരാതി. തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പറഞ്ഞിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.