റെട്രോയുടെ തിരക്കഥ എഴുതുമ്പോള്‍ മനസില്‍ ആദ്യം രജനികാന്ത് ആയിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു
സിനിമാ റിവ്യൂകള്‍ക്ക് ആധികാരികതയില്ലെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക് ഇതേ കുറിച്ച് സംസാരിച്ചത്. റെട്രോയുടെ തിരക്കഥ എഴുതുമ്പോള്‍ മനസില്‍ ആദ്യം രജനികാന്ത് ആയിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു.
"ഞാന്‍ റിവ്യൂകള്‍ നോക്കിയില്ല. കാരണം റിവ്യൂകള്‍ക്കൊന്നും ഇപ്പോള്‍ ഒരു ആധികാരികതയും ഇല്ല. അതിനാല്‍ ഞാന്‍ അത് നോക്കുന്നത് നിര്‍ത്തി", കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു.
ALSO READ: "ഞാന്‍ സിനിമാ നിരോധനത്തിന് എതിരാണ്''; ഫവാദ് ഖാന്റെ അബിര്‍ ഗുലാലിനെ പിന്തുണച്ച് പ്രകാശ് രാജ്
"ഞാന്‍ ഒരു തിരക്കഥ എഴുതി ഒരിക്കല്‍ അദ്ദേഹത്തിന് കൈമാറിയിരുന്നു. പക്ഷെ ആ സമയത്ത് അത് ഇങ്ങനെയായിരുന്നില്ല. ഈ കഥയുടെ ചെറിയ ഭാഗം മാത്രമെ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഞാന്‍ പൂര്‍ണ്ണമായും എഴുതാന്‍ തുടങ്ങിയപ്പോള്‍ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള കഥയായി ഇത് മാറി. അതിനാല്‍ ഇതിലേക്ക് പ്രായം കുറഞ്ഞ നടനെ വേണമെന്ന് എനിക്ക് തോന്നി. ഈ സിനിമ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച വ്യക്തി സൂര്യ സാറാണെന്ന് ഞാന്‍ കരുതുന്നു", എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
മെയ് ഒന്നിനാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായ റെട്രോ തിയേറ്ററിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. അത് ബോക്‌സ് ഓഫീസ് കളക്ഷനെയും ബാധിച്ചിരുന്നു. പൂജ ഹെഗ്‌ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, സുജിത് ശങ്കര്‍, സ്വാസിക എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.