കാത്തിരുന്ന് കിട്ടിയ ടൂര്‍ണമെന്റില്‍ തോറ്റു തുടക്കം; അത്ര എളുപ്പമല്ല പാകിസ്ഥാന്റെ കാര്യം

ആദ്യ മത്സരത്തിലെ 60 റണ്‍സിന്റെ തോല്‍വിയോടെ പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് -1.200 ആണ്
കാത്തിരുന്ന് കിട്ടിയ ടൂര്‍ണമെന്റില്‍ തോറ്റു തുടക്കം; അത്ര എളുപ്പമല്ല പാകിസ്ഥാന്റെ കാര്യം
Published on



കാലങ്ങള്‍ക്കുശേഷമാണ് പാകിസ്ഥാന്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നത്. 1996 ലോകകപ്പിന് ആതിഥ്യം വഹിച്ച് മൂന്ന് പതിറ്റാണ്ടിനോടടുക്കുമ്പോഴാണ് ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാക് മണ്ണിലെത്തിയത്. പക്ഷേ, ഉദ്ഘാടന മത്സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്മാരായ ആതിഥേയര്‍ക്ക് കാലിടറി. ന്യൂസിലന്‍ഡിനോട് 60 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. നാട്ടുകാര്‍ക്ക് മുന്നില്‍ തോറ്റുതുടങ്ങിയ പാകിസ്ഥാന് മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല.

ന്യൂസിലന്‍ഡിനെ കൂടാതെ, ബംഗ്ലാദേശും ഇന്ത്യയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എ-യിലാണ് പാകിസ്താന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. കരുത്തരായ ഇന്ത്യയെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടേണ്ടത്. ആദ്യ മത്സരം തോറ്റതോടെ, സെമി ഫൈനല്‍ യോഗ്യത നേടാന്‍ അവസാന രണ്ട് മത്സരങ്ങളും ജയിക്കേണ്ടിവരും. മത്സരങ്ങളുടെ എണ്ണം കുറവായതിനാല്‍ നെറ്റ് റണ്‍ റേറ്റും നിര്‍ണായകമാണ്. ആദ്യ മത്സരത്തിലെ 60 റണ്‍സിന്റെ തോല്‍വിയോടെ പാകിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് -1.200 ആണ്. അതിനെ മറികടക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ മികച്ച മാര്‍ജിനിലുള്ള ജയം സ്വന്തമാക്കണം.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്ന് തോറ്റാലും കാര്യങ്ങള്‍ ദുഷ്കരമാകും. മറ്റു ടീമുകളുടെ ജയപരാജയങ്ങളും, നെറ്റ് റണ്‍ റേറ്റുമൊക്കെ ആശ്രയിച്ചായിരിക്കും ആതിഥേയരുടെ ഭാവി. ഫെബ്രുവരി 23ന് ദുബായിയില്‍ ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെയും നേരിടും. ഫെബ്രുവരി 27ന് റാവല്‍ പിണ്ടിയിലാണ് അവസാന മത്സരം. ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ അവസാന സ്ഥാനക്കാരായി പോകാതിരിക്കാനെങ്കിലും മികച്ച മത്സരം പാകിസ്താന്‍ പുറത്തെടുക്കേണ്ടിവരും.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് കാര്യമായ വെല്ലുവിളി പോലും ഉയര്‍ത്താതെയാണ് പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കീവീസ് ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 73 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ഓപ്പണര്‍ വില്‍ യങ്ങും (113 പന്തില്‍ 107), മധ്യനിരയില്‍ ടോം ലതാമും (104 പന്തില്‍ പുറത്താകാതെ 118), ഗ്ലെന്‍ ഫിലിപ്സും (39 പന്തില്‍ 61) അടിച്ചുതകര്‍ത്തപ്പോള്‍ സ്കോര്‍ അഞ്ച് വിക്കറ്റിന് 320 റണ്‍സിലെത്തി. പാകിസ്ഥാന്റെ മറുപടി 47.2 ഓവറില്‍ 260 റണ്‍സില്‍ ഒതുങ്ങി. ബാബര്‍ അസം (64), സല്‍മാന്‍ ആഗ (42), ഖുഷ്ദില്‍ ഷാ (69), ഫഖര്‍ സമന്‍ (24) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും പ്രതിരോധിച്ച് കളിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com