പാകിസ്ഥാന് മേൽ ചുമത്തിയ പുതിയ വ്യവസ്ഥകൾ പ്രകാരം 17.6 ട്രില്യൺ രൂപയുടെ പുതിയ ബജറ്റിന് പാർലമെന്റ് അനുമതി നൽകണം
പാകിസ്ഥാനുള്ള വായ്പയുടെ അടുത്ത ഗഡു അനുവദിക്കുന്നതിന് കൂടുതൽ നിബന്ധനകളുമായി അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). 11 പുതിയ നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതോടെ പാകിസ്ഥാന് വായ്പ അനുവദിക്കുന്നതിനുള്ള അന്താരാഷ്ട്ര നാണ്യ നിധിയുടെ ആകെ ഉപാധികളുടെ എണ്ണം അന്‍പതായി. ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച ഐഎംഎഫ് വായ്പയുമായി ബന്ധപ്പെട്ട പദ്ധതികളെ ഇത് ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും നൽകി.
പാകിസ്ഥാന് മേൽ ചുമത്തിയ പുതിയ വ്യവസ്ഥകൾ പ്രകാരം 17.6 ട്രില്യൺ രൂപയുടെ പുതിയ ബജറ്റിനാകണം പാർലമെന്റ് അനുമതി നൽകേണ്ടത്. ഇതിൽ 1.07 ട്രില്യൺ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. വൈദ്യുതിക്ക് സർചാർജ് വർധിപ്പിക്കണം. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കണം. വൈദ്യുതി ബില്ലുകളുടെ ബാധ്യത തീർക്കുന്നതിനായി സർചാർജ് വർധിപ്പിക്കണം. ഐഎംഎഫിന്റെ ഗവേണൻസ് ഡയഗ്നോസ്റ്റിക് അസസ്മെന്റിനെ അടിസ്ഥാനമാക്കി സർക്കാർ ഒരു ഭരണ പരിഷ്കരണ പദ്ധതി പ്രസിദ്ധീകരിക്കണം. സാമ്പത്തിക മേഖലയ്ക്കുള്ള സ്ഥാപനപരവും നിയന്ത്രണപരവുമായ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു ദീർഘകാല പദ്ധതി തയ്യാറാക്കണം. 2026 ഫെബ്രുവരിയോടെ ഗ്യാസ് വിലനിർണയത്തിൽ ചെലവ് വീണ്ടെടുക്കൽ ഉറപ്പാക്കണം. എന്നിങ്ങനെ രാജ്യത്തെ വിപണിയെയും നിക്ഷേപങ്ങളെയും നേരിട്ട് സ്വാധീനിക്കുന്ന നിർദേശങ്ങളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്.
Also Read: ഇന്ത്യയെ കോപ്പിയടിച്ച് പാകിസ്ഥാൻ; വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാൻ ആലോചന
ഐഎംഎഫ് റിപ്പോർട്ട് പ്രകാരം അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പ്രതിരോധ ബജറ്റിലേക്ക് 2.414 ട്രില്യൺ രൂപയാണ് പാകിസ്ഥാൻ വകയിരുത്തിയിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 252 ബില്യൺ (12 ശതമാനം) അധികമാണിത്. ഐഎംഎഫ് നിർദേശങ്ങൾക്ക് വിരുദ്ധമായി ഈ മാസം ആദ്യം 2.5 ട്രില്യൺ രൂപയുടെ പ്രതിരോധ ബജറ്റിന് പാകിസ്ഥാൻ അനുമതി നൽകുമെന്ന് സൂചന നൽകിയിരുന്നു. ഇന്ത്യയുമായി സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ഈ നീക്കം.
പാകിസ്ഥാന് തുടര്‍ന്നും വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) തീരുമാനത്തിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാന് നല്‍കുന്ന വായ്പ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്ത്യ അഭിപ്രായപ്പെട്ടത്. പാകിസ്ഥാനിലെ ഐഎംഎഫ് പദ്ധതികളുടെ ഫലപ്രാപ്തിയില്‍ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ, എക്സ്റ്റെന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) വായ്പാ പദ്ധതിയുടെ വോട്ടിങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഇഎഫ്എഫിലൂടെ പാകിസ്ഥാന് 1.3 ബില്യൺ ഡോളർ വായ്പ അനുവദിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.