ഇന്നലെയാണ് ഏഴ് സർവകക്ഷി സംഘങ്ങളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടത്
ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് സർവകക്ഷി സംഘത്തെ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിനു പിന്നാലെ സമാന നീക്കത്തിനൊരുങ്ങി പാകിസ്ഥാൻ. വിദേശ രാജ്യങ്ങിൽ പാകിസ്ഥാന്റ വാദങ്ങൾ അവതരിപ്പിക്കാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയോട് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ബൂട്ടോ തന്നെയാണ് തന്നെ ചുമതലയേൽപ്പിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.
പാകിസ്ഥാനുള്ള വെള്ളം തടസപ്പെടുത്തിയാല്‍ നദിയിലൂടെ രക്തമൊഴുകുമെന്ന ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബൂട്ടോയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ വിലക്കിയിരിക്കുകയാണ്. സിന്ധു ജലക്കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ബിലാവൽ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവന.
ഇന്നലെയാണ് ഏഴ് സർവകക്ഷി സംഘങ്ങളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടത്. ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവർ നേതൃത്വം നൽകുന്ന ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടാനും പോകുന്നത്.
നയതന്ത്രജ്ഞനായി പ്രവർത്തിച്ച് പരിചയമുള്ള ശശി തരൂർ, യുഎസ്, പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെയാകും നയിക്കുക. യുകെ, ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ഡെൻമാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തെ രവിശങ്കർ പ്രസാദാണ് നയിക്കുന്നത്. സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും പോകും. സിപിഐഎം പ്രതിനിധിയായ ജോൺ ബ്രിട്ടാസ് ഈ സംഘത്തിനൊപ്പമാണ്. മുസ്ലീം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീർ ശ്രീകാന്ത് ഷിൻഡെ നേതൃത്വം കൊടുക്കുന്ന സംഘത്തിനൊപ്പം യുഎഇ, ലൈബീരിയ, കോംഗോ, സിയേറാ ലിയോൺ എന്നീ രാജ്യങ്ങളാകും സന്ദർശിക്കുക.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായല്ല പാകിസ്ഥാൻ ഇന്ത്യയുടെ നീക്കങ്ങൾ പകർത്താൻ ശ്രമിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചതിനു പിന്നാലെ സമാനമായ രീതിയിൽ ഷഹ്ബാസ് ഷെരീഫ് സിയാൽകോട്ടിലെ പാക് വ്യോമതാവളത്തിലെത്തി സൈനികരെ അഭിസംബോധന ചെയ്തിരുന്നു. പാകിസ്ഥാനെതിരെ രാജ്യത്തെ സൈനികരും പ്രതിരോധ സംവിധാനങ്ങളും പ്രകടിപ്പിച്ച മികവിനെ മോദി പ്രശംസിച്ചപ്പോൾ ഇന്ത്യക്കുമേൽ പാകിസ്ഥാൻ 'വിജയം' നേടിയെന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ അവകാശവാദം.