
യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ- യുഎസ് ബന്ധത്തെപ്പറ്റിയും ചോദ്യങ്ങള്‍ ഉയർന്നുവരികയാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ തന്‍റെ പൊതുവായ വിദേശ നയം ട്രംപ് വ്യക്തമാക്കിയിരുന്നു. 'അമേരിക്ക ആദ്യം' എന്ന രീതിയില്‍ യുഎസ് വിദേശനയം പരിഷ്കരിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ട്രംപ് -കമല പോരാട്ടത്തില്‍ ആരു ജയിച്ചാലും അമേരിക്ക കൂടുതൽ സ്വയം കേന്ദ്രീകൃത സ്വഭാവത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അടുത്തിടെ പറഞ്ഞിരുന്നു.
യുഎസുമായി തന്ത്രപരമായി ഇടപെടുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്‍റെ രണ്ടാമൂഴം വ്യത്യസ്ത തലങ്ങളില്‍ പ്രാധാന്യമേറിയതാണ്. ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗഹൃദം നിലനിർത്തുന്ന നേതാക്കളാണ്. "ഹൗഡി, മോദി!", "നമസ്തേ ട്രംപ്" എന്നിങ്ങനെ ട്രംപ് പ്രസിഡൻ്റായിരുന്ന കാലത്ത് നടന്നിരുന്ന പരിപാടികള്‍ ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിൻ്റെ ഉദാഹരണമാണ്. എന്നാല്‍ ഈ സൗഹൃദം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്. ട്രംപിന്‍റെ രണ്ടാം വരിവില്‍, വ്യാപാരം, കുടിയേറ്റം, സൈനിക സഹകരണം, നയതന്ത്രം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഇന്ത്യക്ക് മുന്നില്‍ അവസരങ്ങളും വെല്ലുവിളികളും ഉയരുന്നുണ്ട്.
ഇന്ത്യ- യുഎസ് വ്യാപാര ബന്ധം
വളരെ ലളിതമാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിദേശ നയം. യുഎസിന് പ്രാമുഖ്യം നല്‍കി മറ്റ് അന്താരാഷ്ട്ര കരാറുകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന സമീപനമായിരിക്കും ട്രംപ് സ്വീകരിക്കുക എന്നാണ് സൂചന. ട്രംപിന്‍റെ ആദ്യ ടേമിൽ, പാരിസ് കാലാവസ്ഥാ ഉടമ്പടികള്‍, ഇറാൻ ആണവ കരാർ എന്നിങ്ങനെയുള്ള പ്രധാന അന്താരാഷ്ട്ര കരാറുകളിൽ നിന്ന് പിന്മാറുകയോ പരിഷ്കരിക്കുകയോ ചെയ്തിരുന്നു. രണ്ടാം ടേമിലും ഇത്തരം നയങ്ങൾ തടുർന്നാല്‍ അത് ഇന്ത്യ അടക്കമുള്ള പരമ്പരാഗത യുഎസ് സഖ്യ രാജ്യങ്ങളുമായുള്ള കരാറുകളെ തടസപ്പെടുത്തിയേക്കും.
ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നതോടെ, ഇന്ത്യ-യുഎസ് ബന്ധത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു മേഖല വ്യാപാരമാണ്. വിദേശ രാജ്യങ്ങള്‍ യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്നതായി കഴിഞ്ഞ മാസം ട്രംപ് ആരോപിച്ചിരുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ റെസിപ്രോക്കല്‍ (Reciprocal) നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. ട്രംപ് ഭരണകൂടം അവതരിപ്പിക്കാന്‍ സാധ്യതയുള്ള താരിഫ് നയങ്ങൾ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഐടി, ഫാർമസ്യൂട്ടിക്കൽ, ടെക്‌സ്റ്റൈൽ മേഖലകളില്‍ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.
മറുവശത്ത് , ട്രംപിന്‍റെ ചില വ്യാപാര നയങ്ങള്‍ ഇന്ത്യക്ക് ഗുണകരമാകാനും സാധ്യതയുണ്ട്. ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളില്‍ നിന്നും പിന്‍വലിയാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈ നയവുമായി ട്രംപ് മുന്നോട്ട് പോയാല്‍ ഇന്ത്യക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറക്കും. വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിടുന്ന യുഎസ് ബിസിനസുകളെ ആകർഷിക്കാന്‍ കൂടി ഇന്ത്യന്‍ വിപണിക്ക് സാധിച്ചാല്‍ ആഗോള തലത്തിലുള്ള ഒരു ഉൽപ്പാദന കേന്ദ്രമായി മാറാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ വഴികള്‍ തുറക്കും.
Also Read: "അമേരിക്കയ്ക്ക് ഇനി സുവർണകാലം, അതിർത്തികള്‍ മുദ്രവെയ്ക്കും"; തെരഞ്ഞെടുപ്പ് വിജയ ശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം
ട്രംപിന്‍റെ കുടിയേറ്റ നയങ്ങളും ഇന്ത്യൻ തൊഴിലാളികളും
ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍, പ്രത്യേകിച്ച് എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവയിൽ ട്രംപ് സ്വീകരിക്കുന്ന നിയന്ത്രണപരമായ നിലപാടുകള്‍ ഇന്ത്യൻ പ്രൊഫഷണലുകളെ ബാധിച്ചിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടം വിദേശ തൊഴിലാളികളുടെ വേതന ആവശ്യകതകൾ വർധിപ്പിക്കാനും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ശ്രമിച്ചിരുന്നു. ഇത് ഇന്ത്യൻ ഐടി പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങൾക്കും വെല്ലുവിളികൾ സൃഷ്ടിച്ചു. ഈ നടപടികൾ, വീണ്ടും അവതരിപ്പിച്ചാൽ, യുഎസിലെ വിദഗ്ധരായ ഇന്ത്യൻ തൊഴിലാളികളെയും അവരെ ആശ്രയിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളെയും സാരമായി ബാധിക്കും.
സൈനിക ബന്ധവും പ്രതിരോധ സഹകരണവും
ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ അടിസ്ഥാനമാണ് പ്രതിരോധ-സൈനിക സഹകരണം. നാഴികക്കല്ലായ ക്രിട്ടിക്കൽ ആൻ്റ് എമർജിംഗ് ടെക്‌നോളജി (ഐസിഇടി) സംരംഭവും ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള ജിഇ-എച്ച്എഎൽ കരാർ പോലുള്ള പ്രതിരോധ ഇടപാടുകളും ജോ ബൈഡൻ്റെ ഭരണത്തിനു കീഴിലുള്ള ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ വളർച്ചയെ സൂചിപ്പിക്കുന്നതാണ്. ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും സൈനിക സഹകരണം തുടരാമെങ്കിലും സൈനിക ഉടമ്പടികളുടെ കാര്യത്തില്‍ ട്രംപിന്‍റെ നിലപാട് എന്തായിരിക്കും എന്നതിന് വ്യക്തതയില്ല. നാറ്റോയോടുള്ളതിനു സമാനമായ ജാഗ്രതാപരമായ സമീപനമായിരിക്കും സൈനിക ബന്ധങ്ങളിലും ട്രംപ് സൂക്ഷിക്കുക.
ട്രംപിൻ്റെ അവസാന ടേമിലാണ് യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പങ്കാളികളായ ക്വാഡിൻ്റെ ഉയർച്ച. ചൈനക്കെതിരെ സന്തുലിതമായ ഒരു സഖ്യമെന്നതായിരുന്നു ക്വാഡിന്‍റെ ലക്ഷ്യം. ആയുധ വിൽപ്പന, സാങ്കേതിക കൈമാറ്റം, സംയുക്ത സൈനികാഭ്യാസങ്ങൾ എന്നിവയിലൂടെ ഒരു പുതിയ ട്രംപ് ഭരണകൂടവും ക്വാഡ് രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധ സഹകരണം തുടരാനാണ് സാധ്യത.