റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി ദശലക്ഷക്കണക്കിന് ഡോളർ മുടക്കിയ ശതകോടീശ്വരനായ ഇലോണ്‍ മസ്കിനേയും ട്രംപ് തന്‍റെ പ്രസംഗത്തില്‍ മറന്നില്ല
യുഎസിന് ഒരു സുവർണ കാലം തിരികെ കൊണ്ടുവരുമെന്ന് പ്രതിജ്ഞ ചെയ്താണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിൻ്റെ സന്തോഷം ഡൊണാള്‍ഡ് ട്രംപ് തന്‍റെ അനുയായികളുമായി പങ്കുവെച്ചത്. വെസ്റ്റ് പാം ബിച്ചില്‍ നടന്ന പരിപാടിയിലൂടെയാണ് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥി തന്‍റെ വിജയം പ്രഖ്യാപിച്ചത്. പിന്നാലെ അതേ വേദിയില്‍ തെരഞ്ഞെടുപ്പ് കാലം മുഴുവന്‍ തന്‍റെ പ്രധാന പ്രചരണായുധമായിരുന്ന കുടിയേറ്റ നയവും ട്രംപ് ഒന്നുകൂടി തറപ്പിച്ചു പറഞ്ഞു. അമേരിക്കയുടെ അതിർത്തികള്‍ മുദ്രവെയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ ട്രംപ് രാജ്യത്തേക്ക് ഇനി ആളുകള്‍ നിയമപരമായി വരുന്നത് സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു.
"ഇതിനു മുന്‍പ് ആരും കണ്ടിട്ടില്ലാത്തൊരു മുന്നേറ്റമാണിത്. എക്കാലത്തേയും വലിയ രാഷ്ട്രീയ മുന്നേറ്റം. ഈ രാജ്യത്ത് ഇതിനും ഇതിനപ്പുറത്തും വലുതായി മറ്റൊന്നും ഉണ്ടായിട്ടില്ല. തന്‍റെ വിജയത്തിനു മറ്റൊരു തലം കൈവന്നിരിക്കുന്നിരിക്കുകയാണ്. സഹായം തേടുന്ന യുഎസിനെ ഞാൻ സഹായിക്കാന്‍ പോകുകയാണ്. എനിക്ക് വോട്ട് ചെയ്ത യുഎസ് ജനതയ്ക്ക് നന്ദി," ട്രംപ് പറഞ്ഞു. 2004ലെ ജോർജ് ഡബ്ല്യു. ബുഷിന്‍റെ വിജയത്തിനു ശേഷം ജനകീയ വോട്ടുകളില്‍ ഭൂരിപക്ഷം നേടുന്ന ആദ്യ റിപ്പബ്ലിക്കൻ നേതാവാണ് ട്രംപ്.
"നിങ്ങളുടെ 45-ാമത് പ്രസിഡൻ്റായും 47-ാമത് പ്രസിഡൻ്റായും തെരഞ്ഞെടുക്കപ്പെടുക എന്ന അസാധാരണമായ ബഹുമതിക്ക് അമേരിക്കൻ ജനതയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ശരീരത്തിലെ ഓരോ ശ്വാസത്തിലും എല്ലാ പൗരന്മാരും, നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ഭാവിക്കും വേണ്ടി ഞാൻ പോരാടും. എല്ലാ ദിവസവും, ഞാൻ നിങ്ങൾക്കായി പോരാടും. നമ്മുടെ കുട്ടികളും നമ്മളും അർഹിക്കുന്ന ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയിലേക്ക് എത്തിക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല. ഇത് ശരിക്കും അമേരിക്കയുടെ സുവർണ കാലഘട്ടമായിരിക്കും", ട്രംപ് അണികള്‍ക്ക് ഉറപ്പുനല്‍കി.
റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിയുടെ വിജയത്തിനായി ദശലക്ഷക്കണക്കിന് ഡോളർ മുടക്കിയ ശതകോടീശ്വരനായ ഇലോണ്‍ മസ്കിനേയും ട്രംപ് തന്‍റെ പ്രസംഗത്തില്‍ മറന്നില്ല. "അയാൾ ഒരു പ്രത്യേക ക്യാരക്ടറാണ്, ഒരു പ്രത്യേക വ്യക്തി, ഒരു സൂപ്പർ ജീനിയസ്," ട്രംപ് മസ്‌കിനെക്കുറിച്ച് പറഞ്ഞു. രാജ്യത്തെ പ്രതിഭകളെ സംരക്ഷിക്കണമെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു.
തന്‍റെ ഭരണരീതി എങ്ങനെയായിരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് വിജയത്തിനു ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ സൂചന നല്‍കി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് സ്വയം സമർപ്പിക്കുമെന്നും രാജ്യത്തെ ഒന്നിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.
Also Read: അമേരിക്കയിൽ ട്രംപ് യുഗം; ലോകം ചർച്ച ചെയ്യുന്ന റിപ്പബ്ലിക്കൻ നയങ്ങൾ!
" നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ച് ഒരു ലളിതമായ മാതൃകയിലായിരിക്കും ഞാൻ ഭരിക്കുക. ഞങ്ങള്‍ വാഗ്ദാനങ്ങൾ പാലിക്കാൻ പോകുന്നു. എൻ്റെ വാക്ക് പാലിക്കുന്നതിൽ നിന്ന് ഒന്നും എന്നെ തടയില്ല. ജനങ്ങളേ, നമ്മള്‍ അമേരിക്കയെ സുരക്ഷിതവും ശക്തവും സമൃദ്ധവും സ്വതന്ത്രവുമാക്കും. ഈ ശ്രേഷ്ഠവും നീതിയുക്തവുമായ ഉദ്യമത്തിൽ എന്നോടൊപ്പം ചേരാൻ നമ്മുടെ നാട്ടിലെമ്പാടുമുള്ള എല്ലാ പൗരന്മാരോടും ഞാൻ അഭ്യർഥിക്കുന്നു. കഴിഞ്ഞ നാല് വർഷത്തെ വിഭജനം പിന്നിൽ ഉപേക്ഷിക്കേണ്ട സമയമാണിത്. ഒന്നിക്കാനുള്ള സമയമാണിത്. നമ്മള്‍ അതിനായി ശ്രമിക്കാൻ പോകുന്നു" , ട്രംപ് പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച ശേഷമായിരുന്നു ഡോണൾഡ് ട്രംപിന്‍റെ ഈ പ്രസ്താവനകള്‍. പരമ്പരാഗത വോട്ടുകൾ ഇരുസ്ഥാനാർഥികളും ഊട്ടി ഉറപ്പിച്ചപ്പോൾ നിർണായകമായത് സ്വിങ് സ്റ്റേറ്റുകളുടെ വോട്ടുകളാണ്. കഴിഞ്ഞ തവണത്തെ ബൈഡന് അനുകൂലമായി വിധിയെഴുതിയ സ്വിങ് സ്റ്റേറ്റുകൾ ഇത്തവണ ട്രംപിനൊപ്പം നിലയുറപ്പിച്ചു. സമ്പദ്ഘടനയും കുടിയേറ്റവും ജനാധിപത്യവുമെല്ലാം പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വ്യക്തമായ മേധാവിത്വത്തിലൂടെയാണ് അധികാരം ഉറപ്പാക്കിയത്.
യുഎസില്‍ ചരിത്രം ആവർത്തിക്കുകയായിരുന്നു. യുഎസ്സിന് ഒരു വനിത പ്രസിഡൻ്റിനെ വേണ്ടെന്ന് വീണ്ടും ജനം വിധിയെഴുതി. ഹിലരിയെ തോൽപിച്ച് 2016ൽ അധികാരത്തിൻ്റെ വാതിലുകൾ തുറന്ന ട്രംപ് 2024ലും ചരിത്രം ആവർത്തിച്ചു. പരമ്പരാഗത വോട്ടുകൾ ഇരുപാർട്ടികളും സുരക്ഷിതമായി നിലനിർത്തി. ഫ്ലോറിഡയും ടെക്സസും ട്രംപിനൊപ്പം തന്നെ നിലകൊണ്ടു. ഡെമോക്രാറ്റിക് ചായ്വുള്ള സ്റ്റേറ്റുകള്‍ കമലക്കൊപ്പവും. ഇതോടെ മത്സരം സ്വിങ് സ്റ്റേറ്റുകളിലേക്ക് മാറി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, അരിസോണ, ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയായിരുന്നു സ്വിങ് സ്റ്റേറ്റുകള്‍.
Also Read: US ELECTION LIVE UPDATES: ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്!
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒഴിച്ചു നിർത്തിയാല്‍, പരമ്പരാഗതമായി റിപ്പബ്ലിക്കൻസിനൊപ്പം നിലകൊള്ളുന്ന ജോർജിയ വീണ്ടും ചുവപ്പണിഞ്ഞു. കഴിഞ്ഞ തവണ ബൈഡന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ സ്റ്റേറ്റ് ഇത്തവണ ട്രംപിനൊപ്പം നിലകൊണ്ടു. അതേസമയം, ഡൊമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്ന പെൻസിൽവാനിയയും ഇത്തവണ ട്രംപിനൊപ്പം നിന്നു. 2016ലും പെൻസിൽവാനിയയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ (ഹിലരി ക്ലിൻ്റണ്‍) ഡൊണാൾഡ് ട്രംപ് തോല്‍പ്പിച്ചിരുന്നു. ഏറ്റവും കൂടുതൽ ഇലക്ട്രൽ വോട്ടുള്ള സ്വിങ് സ്റ്റേറ്റായ പെൻസിൽവാനിയയിലും ജോർജിയയിലും ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിക്കുകയും മറ്റ് സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് മേൽക്കൈ നേടുകയും ചെയ്തതോടെ വൈറ്റ് ഹൗസിൽ ട്രംപ് രണ്ടാമൂഴം ഉറപ്പാകുകയായിരുന്നു. നിലവില്‍, 267 സീറ്റുകളാണ് ട്രംപ് മുന്നേറുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് 224 സീറ്റുകളിലും.