
വംശീയ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ അനിശ്ചിതകാല നിരോധനാജ്ഞ ഏർപ്പെടുത്തി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിൽ തുടർച്ചയായി മണിപ്പൂരിൽ നടന്ന ആക്രമണങ്ങളിൽ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധങ്ങൾ രൂക്ഷമായതോടെയാണ് ചൊവ്വാഴ്ച ഇംഫാലിലെ രണ്ട് ജില്ലകളിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയത്.
മെയ്തേയ്-കുക്കി വിഭാഗങ്ങൾക്കിടെ സംഘർഷം പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഡ്രോണും റോക്കറ്റ് പ്രൊപ്പല്ലറുകളും വരെ ആക്രമണത്തിന് ഉപയോഗിക്കപ്പെടുന്നത് സുരക്ഷാ സേനയ്ക്ക് ആശങ്കയുണർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൗബാലിലും ഇംഫാലിലും വിദ്യാർഥികളുടെ വൻ പ്രതിഷേധവും നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 പേർക്കാണ് പരുക്കേറ്റത്.
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുടെയും മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും ഔദ്യോഗിക വസതികൾക്ക് നേരെയായിരുന്നു ഇന്നലെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്നലെ രാത്രി സ്ത്രീകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ ജാഥയും നടന്നിരുന്നു. അതേസമയം മണിപ്പൂരില്‍ കാണാതായ കുക്കി വംശജനായ മുന്‍ സൈനികൻ ലിംലാൽ മാതെയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറന്‍ ഇംഫാലിനും കാങ്പോക്‌പി ജില്ലയ്ക്കും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കലാപകാരികളാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.
ALSO READ: സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം
വെള്ളിയാഴ്ച മുതല്‍ മണിപ്പൂരില്‍ കലാപം ശക്തമായിരിക്കുകയാണ്. ജിരിബാം ജില്ലയില്‍ ആറ് പേർ കൊല്ലപ്പെട്ടതാണ് കലാപത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. കുക്കി-മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുമ്പോഴും ജിരിബാമിൽ വംശീയ കലാപങ്ങളൊന്നും നടന്നിരുന്നില്ല. 2023 മെയ് മുതല്‍ മണിപ്പൂരില്‍ ഗോത്ര കലാപം നടക്കുകയാണ്. താഴ്വരയില്‍ ഭൂരിപക്ഷമുള്ള മെയ്തെയ് വിഭാഗവും ഗിരിപ്രദേശത്തുള്ള കുക്കി ഗോത്രത്തിനും ഇടയിലാണ് കലാപം.