പാകിസ്ഥാനിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറവാണെങ്കിലും, ഇനി യാതൊരു വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് താരതമ്യേന കുറവാണെങ്കിലും, ഇനി അത്തരത്തിൽ യാതൊരു വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമായും ഔഷധ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നടപടി തുടരാനാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.
ALSO READ: "മുകളിലും, താഴെയും, തിരമാലകൾക്ക് അപ്പുറവും"; കരുത്തറിയിച്ച് ഇന്ത്യൻ നേവി
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണം നടപ്പിലാക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാനിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി നിരോധിച്ചുവെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നതായും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി ഇതിനകം അടച്ചിരുന്നു.