ചാരപ്രവർത്തിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചനയെങ്കിലും ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാരപ്രവർത്തിയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ചക്കുള്ളിൽ രണ്ട് പാക് ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചത്.
"ഇന്ത്യയുടെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനെ ഇന്ത്യാ ഗവൺമെന്റ് പേഴ്‌സണ നോൺ ഗ്രാറ്റയായി പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥനോട് 24 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്," വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.
ഒരാഴ്ച മുമ്പ് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. രാജ്യത്തുള്ള പാക് നയതന്ത്രജ്ഞരോ, ഉദ്യോഗസ്ഥരോ അവരുടെ പ്രത്യേകാവകാശങ്ങളോ പദവികളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്നും, ഇത് ഉറപ്പാക്കാൻ പാക് ഹൈകമ്മീഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.