ഇന്ത്യ-പാക് സംഘർഷം: വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് ഇന്ത്യ

സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം.
ഇന്ത്യ-പാക് സംഘർഷം: വെടിനിർത്തൽ പ്രാബല്യത്തിൽ; സ്ഥിരീകരിച്ച് ഇന്ത്യ
Published on


ഇന്ത്യ-പാക് അതിർത്തിയിൽ സമാധാനം പുലരുന്നു. വെടിനിർത്തൽ പ്രാബല്യത്തിലെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാരും പാകിസ്ഥാനും അറിയിച്ചു. സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ പ്രഖ്യാപനം. അതേസമയം ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തലെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം ഇന്ത്യ തള്ളി. ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

"പാകിസ്ഥാൻ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യൻ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും തമ്മിൽ വൈകീട്ട് 3:35ന് ചർച്ച നടത്തിയിരുന്നു. പാക് ഡിജിഎംഒ ഇന്ത്യൻ സൈനിക ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഈ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. പാക് വ്യോമ താവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തൽ ചർച്ച ആരംഭിച്ചത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും,"  വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധറാണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ഇഷാഖ് ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.

"പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിനായി സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്!," ഇഷാഖ് ധർ എക്സില്‍ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com