ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ധർ ഇക്കാര്യം സ്ഥിരീകരിച്ചത്
ഇഷാഖ് ധർ
ഇന്ത്യയുമായി വെടിനിർത്തലിന് ധാരണയായതായി സ്ഥിരീകരിച്ച് പാകിസ്ഥാൻ. വെടിനിർത്തൽ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ധർ ഇക്കാര്യം സ്ഥിരീകരിച്ചത്.
Also Read: ഇന്ത്യ-പാക് സംഘർഷം: വെടിനിര്‍ത്തലിന് ധാരണ? ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറെന്ന് ട്രംപ്
"പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിനായി സമ്മതിച്ചു. തങ്ങളുടെ പരമാധികാരത്തിലും പ്രദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പാകിസ്ഥാൻ എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്!," ഇഷാഖ് ധർ എക്സില്‍ കുറിച്ചു.
Also Read: "ഏത് ഭീകരപ്രവർത്തനവും യുദ്ധമായി കാണും, തിരിച്ചടിക്കും"; പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ
പാകിസ്ഥാന്‍ സൈന്യത്തിന്റെ ഓപ്പറേഷൻ ഡിജിഎംഒയും ഇന്ത്യയിലെ സൈനിക ഓപ്പറേഷന്റെ ഡിജിഎംഒയും വൈകിട്ട് 3:35ന് നടത്തിയ ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്. വൈകിട്ട് അഞ്ച് മണിയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. കര-വ്യോമ-നാവിക മേഖലയിലെ എല്ലാ സൈനിക നീക്കങ്ങളും ഇരുരാജ്യങ്ങളും അവസാനിപ്പിച്ചു. പാക് വ്യോമതാവളങ്ങൾ ആക്രമിച്ച് എട്ട് മണിക്കൂറിന് ശേഷമാണ് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. മെയ് 12ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഇന്ത്യ-പാക് ചർച്ച നടക്കും.
ഭാവിയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ഭീകരപ്രവർത്തനവും യുദ്ധസമാനമായ പ്രവൃത്തിയായി കാണുമെന്നും, അതിന് തക്കതായ മറുപടി നൽകുമെന്നും കേന്ദ്ര സർക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിർത്തലിന് ധാരണയായതായി ട്രംപിന്‍റെ ട്വീറ്റ്. യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇക്കാര്യം അറിയിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് രാജ്യങ്ങൾക്കും അഭിനന്ദനങ്ങളെന്നും യുഎസ് പ്രസിഡൻ്റ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാല്‍, മധ്യസ്ഥ ചർച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്നാണ് ഇന്ത്യ അറിയിച്ചത്.