33 മലയാളികളായ സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് ജമ്മു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്നത്
അതിർത്തി സംഘർഷത്തിനിടെ ജമ്മു റെയിൽവെ സ്റ്റേഷനിൽ കുടുങ്ങി മലയാളി വിദ്യാർഥികൾ. 33 മലയാളികളായ സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർഥികളാണ് ജമ്മു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുന്നത്. എംപിമാരുമായും സർക്കാർ ഹെൽപ് ഡെസ്കുമായും ബന്ധപ്പെടുന്നു എന്ന് വിദ്യാർഥികൾ ന്യൂസ് മലയാളത്തോട് പറഞ്ഞു. ജമ്മുവിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തിരിച്ച ട്രെയിനിൽ തങ്ങൾ കയറിയിട്ടുണ്ടെന്ന് ജമ്മു കശ്മീരിൽ നിന്നുള്ള വിദ്യാർഥിയായ അന്ന ഫാത്തിമ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ALSO READ: ജയ്‌സാൽമീറിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം; പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സൈന്യം
പാകിസ്ഥാന്റെ ആക്രമണം ശക്തമായ സാഹചര്യത്തിൽ ജമ്മു കശ്മീരിൽ തുടരുന്നതിൽ മലയാളി വിദ്യാർഥികൾ കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു. 50ഓളം മലയാളി വിദ്യാർഥികൾ ജമ്മുവിലുണ്ടെന്നും സംഘർഷങ്ങളുടെ സാഹചര്യത്തില്‍ ഇവർ നാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവെന്നും ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അന്നാ ഫാത്തിമ പറഞ്ഞിരുന്നു.
അതേസമയം, പാക്- ഇന്ത്യ സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിൽ എത്തി നിൽക്കുകയാണ്. ജയ്‌സാൽമീറിലെ ബിഎസ്എഫ് ക്യാമ്പിന് നേരെ നടന്ന പാക് ഡ്രോൺ ആക്രമണശ്രമം ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ 4.30 മുതൽ 5.30 വരെയായിരുന്നു ജയ്‌സാൽമീറിലെ രാംഗഡിലുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെ ആക്രമണം നടന്നത്. പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണിനെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തി.
ALSO READ: ഇന്ത്യക്കെതിരെ സൈനിക നീക്കവുമായി മുന്നോട്ട്; സമ്പൂർണ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ വീണ് പാകിസ്ഥാൻ
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ജമ്മു കശ്മീർ മേഖലയിലും പാക് പ്രകോപനം നടന്നിരുന്നു. പാകിസ്ഥാന്‍റെ ഒരു എഫ്-16, രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളും അന്‍പതിലധികം ഡ്രോണുകളും സുരക്ഷാസേന തകർത്തു. എട്ടോളം മിസൈലുകളും ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കിയതായാണ് റിപ്പോർട്ട്. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ആക്രമണത്തെ ഇന്ത്യ നേരിട്ടത്. നിയന്ത്രണ രേഖയോട് ചേർന്ന് രാജസ്ഥാനും പഞ്ചാബും ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകള്‍.