ഇതുവരെ പാകിസ്ഥാൻ നടത്തിയ യുദ്ധങ്ങളെല്ലാം സൈന്യത്തിന്‍റെ മാത്രം നിയന്ത്രണത്തിലായിരുന്നു. ഇത്തവണ സൈന്യം പോലും രണ്ടു തട്ടിലാണെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പോലും വിശദീകരിക്കുന്നത്.
ഇന്ത്യക്കെതിരേ സൈനിക നീക്കം നടക്കുന്ന പാകിസ്ഥാനിൽ സമ്പൂർണ രാഷ്ട്രീയ അനിശ്ചിതത്വം. സർക്കാർ ഇടപെടൽ തീർത്തും ഇല്ലാതായതോടെ പ്രധാനമന്ത്രി ഷാഹബാസ് ഷെരീഫ് ബങ്കറിൽ ഒളിച്ചു എന്നുവരെയാണ് പ്രചാരണം. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സൈനിക മേധാവി അസീം മുനീറിനെതിരേയും പാകിസ്താനിൽ വ്യാപക വിമർശനം ഉയരുകയാണ്.
336 അംഗ നാഷനൽ അസംബ്ളിയിൽ വെറും 113 അംഗങ്ങൾ മാത്രമുള്ള പാകിസ്ഥാൻ മുസ്ലിം ലീഗ്. ആ അംഗങ്ങൾ തന്നെ വിഘടിച്ച് മൂന്നു ഗ്രൂപ്പ്. അതിൽ ഒരു ഗ്രൂപ്പിന്‍റെ മാത്രം തലവനായ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഷെരീഫ് പറയുന്നതിനെ പരസ്യമായി വിമർശിക്കുന്നത് പ്രതിപക്ഷമല്ല, സ്വന്തം പാർട്ടിക്കാർ തന്നെയാണ്.
ഇതിനിടെ സൈനിക മേധാവി അസിം മുനീർ പൂർണ അധികാരം പിടിച്ചെന്ന് ഒരു വശത്തു നിന്നു വാർത്ത. അസീം മുനീറിനെ നീക്കി പുതിയ സൈന്യാധിപൻ വന്നെന്ന് മറ്റൊരു വാർത്ത. മൂന്നു ദിവസമായി അസിം മുനീറിനെ പാകിസ്ഥാനിൽ ആരും കണ്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ. ഇതുവരെ പാകിസ്ഥാൻ നടത്തിയ യുദ്ധങ്ങളെല്ലാം സൈന്യത്തിന്‍റെ മാത്രം നിയന്ത്രണത്തിലായിരുന്നു. ഇത്തവണ സൈന്യം പോലും രണ്ടു തട്ടിലാണെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പോലും വിശദീകരിക്കുന്നത്.
അതോടൊപ്പം പാകിസ്ഥാനിൽ ആഭ്യന്തര അരക്ഷിതാവസ്ഥയും നിഴൽവീഴ്ത്തുകയാണ് . ബലൂച് ലിബറേഷൻ ആർമി നടത്തുന്ന ചടുല നീക്കങ്ങളെ പ്രതിരോധിക്കാൻ സംവിധാനങ്ങളില്ലാതെ കുഴങ്ങുകയാണ് സൈന്യവും സർക്കാരും. ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ വിമതർ പിടിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനിടെ പ്രധാനമന്ത്രി ബങ്കറിൽ ഒളിച്ചു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു.
ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ ഷഹബാസ് ഷെരീഫ് ഏറ്റവും വിമർശിക്കപ്പെട്ടത് തപ്പിത്തടഞ്ഞുള്ള പ്രസംഗത്തിന്‍റെ പേരിലാണ്. എന്താണ് പറയേണ്ടത് എന്നറിയാതെ ഷഹബാസ് ഷെരീഫ് വാക്കുകൾ വലിച്ചു നീട്ടിയപ്പോൾ യുദ്ധം തീർന്നാലും പ്രധാനമന്ത്രിയുടെ പ്രസംഗം തീരില്ല എന്നു വിമർശിക്കപ്പെട്ടു. ഇന്ത്യയുടെ വിമാനങ്ങൾ വെടിവച്ചിട്ടു എന്ന് പ്രസ്താവിച്ച പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിനോട് തെളിവു ചോദിച്ചത് സിഎൻഎൻ. തെളിവ് സോഷ്യൽ മീഡിയയിലുണ്ടെന്ന് പ്രതിരോധമന്ത്രി. ഇങ്ങനെ എന്താണ് പറയേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും അറിയാതെ പരക്കം പായുകയാണ് പാകിസ്താനിലെ ഭരണ നേതൃത്വം.
ഏറ്റവും ദുർബലമായ സർക്കാർ. ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്ന ഉച്ചത്തിലുള്ള അലമുറകൾ. പതിവിനു വിരുദ്ധമായി വിഘടിച്ചു നിൽക്കുന്ന സൈന്യം. ഇതിനൊപ്പം പോറ്റി വളർത്തിയ ഭീകരരിൽ ഒരു പറ്റം രാജ്യത്തിനെതിരേ തിരിയുന്നതിന്‍റെ അരക്ഷിതാവസ്ഥയും കൂടി ചേരുന്നതാണ് ഇന്നത്തെ പാകിസ്ഥാൻ.