ഭയത്തെ നർമമാക്കി മാറ്റുന്ന പാകിസ്ഥാനികളെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കാണുന്നത്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് നയതന്ത്രബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും പാകിസ്ഥാനിലുമെല്ലാം ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ പാകിസ്ഥാനിലെ യുവാക്കൾ വെറുതെയിരുന്നില്ല. അവർ മൊബൈൽ ഫോൺ കയ്യിലെടുത്ത്, അറിയാവുന്ന പണിയെടുക്കാൻ തുടങ്ങി. അതെ പാകിസ്ഥാനിലെ യുവാക്കൾ തിരക്കിലാണ്. മീമുകളുണ്ടാക്കുന്ന തിരക്കിൽ.
ഭയത്തെ നർമമാക്കി മാറ്റുന്ന പാകിസ്ഥാനികളെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കാണുന്നത്. സോഷ്യൽ മീഡിയ സ്ക്രോളിങ്ങിനിടെ പാകിസ്ഥാനിൽ നിന്നുള്ള സർക്കാസ്റ്റിക് മീമുകൾ കാണാത്തവർ വിരളമായിരിക്കും. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവെച്ചതും ഇന്ത്യൻ നാവികസേനയുടെ ശക്തിപ്രകടനവുമെല്ലാം ലോകം ഭീതിയോടെയാണ് നോക്കികാണുന്നതെങ്കിൽ, പാകിസ്ഥാൻ യുവാക്കൾക്ക് അത് തമാശയാണ്. കാരണം അവരുടെ അവസ്ഥ യുദ്ധത്തേക്കാൾ മോശമാണ്.
സോഷ്യൽ മീഡിയയിലെ ചില മീമുകൾ പരിശോധിക്കാം. സിന്ധു നദീതട കരാർ ലംഘിച്ചതിനാൽ വെള്ളം കിട്ടാതെ സോപ്പ് മുഖത്ത് വെച്ച് മോദിജീയോട് വെള്ളത്തിന് അപേക്ഷിക്കുന്ന പാകിസ്ഥാനി, പാകിസ്ഥാനിലെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ നീന്തുന്ന ഒരാൾ, ചില മീമുകളാവട്ടെ ഇങ്ങനെയാണ്, ഇന്ത്യയ്ക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ല, കാരണം പാക് സർക്കാരിൻ്റെ കീഴിലുള്ള ഞങ്ങളുടെ അവസ്ഥ അത്രയധികം മോശമാണ്, ബോംബിടാൻ ഉദ്ദേശിക്കുകയാണെങ്കിൽ 9.15ന് മുൻപായി വേണം, ഇല്ലെങ്കിൽ ഞങ്ങളുടെ ഗ്യാസ് തീർന്ന് പോകും. മോശം ഭരണത്തെച്ചൊല്ലി മാപ്പ് പറയുന്ന പാക് പൗരനെയും മീമുകളിൽ കാണാം.
ALSO READ: ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങാൻ വരട്ടെ; ജെൻ സീക്ക് ഇഷ്ടം 'ഓൾഡ് മണി ഫാഷൻ'!
നിങ്ങളീ മീമുകൾ ശ്രദ്ധിച്ചോ? ഇന്ത്യയോടുള്ള ഭയത്തേക്കാൾ, പാക് ഭരണകൂടത്തിൻ്റെ തകർച്ചയിൽ കൂടിയാണ് ഇവിടെ മീമുകൾ പിറക്കുന്നത്. ഇന്ത്യക്കെതിരായ പ്രതിരോധത്തിൽ നിന്നുള്ള ആക്ഷേപ ഹാസ്യമല്ല, മറിച്ച് അവരുടെ ഭരണകൂടത്തോടുള്ള, സൈന്യത്തോടുള്ള അകൽച്ച കൂടി പാക് മീമുകളിൽ പ്രകടമാണ്. പാകിസ്ഥാനികൾ അവരുടെ സൈന്യത്തെയും, വലിയ പരാജയമായ ഭരണസംവിധാനത്തെയും, യുദ്ധസമാന സാഹചര്യത്തെയുമെല്ലാം പരിഹസിക്കുന്നത് ദേഷ്യം കൊണ്ടല്ല, നിസഹായതകൊണ്ടാണ്. അവർക്ക് ചിരിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ്. രാജ്യത്തെ ഭരണം നന്നാവുമെന്ന പ്രതീക്ഷ ഇപ്പോഴവർക്കില്ല. അതിനാൽ ഡാർക്ക് കോമഡിയിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ഇവർ.
ഇതൊരു കലാപത്തിന്റെ കോമഡിയല്ല. തകർച്ചയുടെ കോമഡിയാണ്. 26 നിഷ്കളങ്ക ജീവനുകളാണ് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് നഷ്ടമായത്. ഒരു യുദ്ധമുണ്ടായാൽ പാകിസ്ഥാനിൽ പൊലിയുക ഇതിൻ്റെ പത്തിരിട്ടി ജീവനുകളായിരിക്കും. അവിടുത്തെ പൗരൻമാരെ സംരക്ഷിക്കാൻ പാക് ഭരണ സംവിധാനം ഒന്നും ചെയ്യില്ലെന്ന ഭയവും മീമുകളിൽ കാണാം.
ഇനി ഇന്ത്യയിലെ സ്ഥിതി പരിശോധിക്കാം. പാക് പൗരനായ പ്രിയ ഗായകൻ ആതിഫ് അസ്ലമിനായി, റാഹത്ത് അലി ഫത്തേ ഖാനിനായി വെള്ളമെത്തിക്കുന്ന ഇന്ത്യക്കാരനെയും, പാക് മീമുകളെ പരിഹസിക്കുന്നവരെയുമെല്ലാം സോഷ്യൽ മീഡിയയിൽ കാണാം.
വളരെ വ്യത്യസ്തമായ മറ്റൊരു മീം ഇതാണ്- ഡിവൈഡഡ് ബൈ ബോർഡർ, യുണൈറ്റഡ് ബൈ ഹ്യൂമർ. യുദ്ധസമാനസാഹചര്യത്തിൽ യൂണിറ്റിയെക്കുറിച്ച് പറയുന്ന മീം. ഈ പോസ്റ്റിന് താഴെ വന്ന കമൻ്റുകളാവട്ടെ ഇങ്ങനെയാണ്. ഞങ്ങൾ ജെൻ സീകൾക്ക് യുദ്ധം വേണ്ട, സമാധാനം മതി. നമ്മുടെ ജനറേഷൻ എത്രയധികം ഗൗരവമില്ലാത്തവരാണെന്ന കാര്യം എനിക്ക് വളരെയധികം ഇഷ്ടമാണ്. ജെൻ സീ ഭരണത്തിലെത്തുകയാണെങ്കിൽ ഇന്ത്യ- പാക് ബന്ധം മെച്ചപ്പെട്ടേക്കാം. ഇങ്ങനെ സമാധാനപ്രിയരായ ജെൻ സീയെക്കുറിച്ചാണ് കമൻ്റ് ബോക്സിൽ ചർച്ച.
ജെൻ സീയുടെ മീം കൾച്ചറിൻ്റെ, ഒട്ടും സീരിയസല്ലാത്ത അപ്രോച്ചിൻ്റെ ഭാഗമായി നമുക്കീ മീമുകളെ വിശകലനം ചെയ്യാം. എന്നാൽ യുവതലമുറ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് തന്നെയാണ് ഈ 'മീം വാർ' വ്യക്തമാക്കുന്നത്. റഷ്യയിൽ, യുക്രെയ്നിൽ, പലസ്തീനിൽ, ഇസ്രയേലിൽ എല്ലാം യുദ്ധം നടന്നപ്പോൾ ചിന്തിയിത് സാധാരണക്കാരുടെ രക്തമാണ്. ഇത് പുതിയ തലമുറ കണ്ടു, മനസിലാക്കി. അവരെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധം ഭയപ്പെടുത്തുന്നതാണ്, അതിനാൽ അവർ മീമുകളാൽ യുദ്ധം ചെയ്യുന്നു.