
ലോകത്തിലെ ഏറ്റവും വലിയ ഡാം ടിബറ്റിലെ ബ്രഹ്മപുത്രയ്ക്ക് കുറുകെ നിർമിക്കുന്ന ചൈനയുടെ തീരുമാനത്തിൽ ആശങ്കകൾ അറിയിച്ച് ഇന്ത്യ. ഇന്ത്യയുടെ അതിർത്തിയോട് വളരെ അടുത്താണ് ഡാമിൻ്റെ നിർമാണം. ടിബറ്റിലെ പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിലാണിത്. ഭൂമിശാസ്ത്രപരമായി ദുർബലമായ പ്രദേശമായതിനാലാണ് ഇന്ത്യയെ ഡാം നിർമാണം ആശങ്കയിലാക്കുന്നത്.
ഡാം നിർമിച്ചാൽ ബ്രഹ്മപുത്രയുടെ ഒഴുക്കിനെയും നദീതടത്തെയും വൻതോതിൽ ബാധിക്കും. ഒരുപക്ഷേ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയ്ക്കും ഭീമാകാരമായ വെള്ളപ്പൊക്കത്തിനും, ഭൂകമ്പത്തിനും ഇത് കാരണമായേക്കും. ഡാം നിർമാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാകും ഇത്. ചൈനയുടെ 14-ാമത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഡാം നിർമാണ പദ്ധതി അവതരിപ്പിച്ചത്. പദ്ധതിയുടെ ചെലവ് 137 ബില്യൺ യുഎസ് ഡോളറാണ്. ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോർജസ് ഡാമിനെക്കാൾ മൂന്നിരട്ടി വലിപ്പം ഇപ്പോൾ രൂപകൽപ്പന ചെയ്ത ഡാമിനുണ്ട്.
ത്രീ ഗോർജസ് ഡാം നിർമിക്കുന്ന സമയത്ത് പലായനം ചെയ്ത 1.4 ദശലക്ഷത്തിലധികം ആളുകളെ ചൈനയ്ക്ക് പുനരധിവസിപ്പിക്കേണ്ടി വന്നിരുന്നു. എന്നാൽ പുതിയ പദ്ധതി നടപ്പാക്കുന്ന സമയത്ത് എത്ര പേർ പലായനം ചെയ്യുമെന്നതിൽ വ്യക്തമായ ഒരു കണക്കും ചൈന പുറത്തുവിട്ടിട്ടില്ല. പദ്ധതി നടപ്പായാൽ ഇന്ത്യയുടെ പാരിസ്ഥിതിക ചുറ്റുപാടിന് വലിയ വെല്ലുവിളിയായിരിക്കും ഉണ്ടാകുക. കാർഷിക രംഗത്തെ ബാധിച്ചാൽ ഇന്ത്യയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കും. അതുകൊണ്ടാണ് ആശങ്കയറിയിച്ച് ഇന്ത്യ ചൈനയെ സമീപിച്ചത്. “രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഞങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കും,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.