ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയ്യാറാണെന്നും പറഞ്ഞ യുവതി പക്ഷെ ഇവിടെ ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നു.
ലോകത്തിൻ്റെ വിവിധ കോണകളിൽ നിന്ന് സഞ്ചാരികളെത്തുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ കാണാനും ആസ്വദിക്കാനും എത്തുന്ന യാത്രികരെല്ലാം ആ സന്തോഷവും അനുഭവവും വിവിധ പ്ലാറ്റ്‌ഫോമുകളിലായി പങ്കുവയക്കാറുമുണ്ട്. ഇപ്പോഴിതാ ജാപ്പനീസ് യുവതിയുടെ അഭിപ്രായമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.
ഇന്ത്യയിൽ യാത്ര ചെയ്യാനായി ജപ്പാനിൽ നിന്നെത്തിയതാണ് എന്നും അദ്യം തന്നെ ഇന്ത്യ തനിക്ക് ഇഷ്ടപ്പെട്ടു എന്ന് യുവതി പറയുന്നു. ആഗ്ര, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായിട്ടാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ഭക്ഷണത്തെയും വസ്ത്രത്തെയും ഒക്കെ പ്രശംസിച്ചാണ് റിവ്യൂ തുടങ്ങിയത്. ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയ്യാറാണെന്നും പറഞ്ഞ യുവതി പക്ഷെ ഇവിടെ ജീവിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നു.
അതിനുള്ള കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ ശബ്ദമുഖരിതമായ അന്തരീക്ഷമാണ്. അതെ വാഹനങ്ങളിൽ നിന്നുള്ള ഹോൺ ശബ്ദം തുടങ്ങി ഉച്ചത്തിൽ പാട്ടുവച്ചുള്ള ആഘോഷങ്ങൾ വരെ അസഹനീയമാണെന്ന് യുവതി ചൂണ്ടിക്കാട്ടി. ചെറിയ ആഘോഷങ്ങൾ പോലും റോഡിൽ ഇങ്ങനെയാണ് ആഘോഷിക്കുക എന്നാണ് അവർ പറയുന്നത്. റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തന്നെ സഹായിക്കണമെന്ന് ഇന്ത്യക്കാരോട് അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട്.
യുവതിയുടെ അനുഭവമല്ല അതിന് ഇന്ത്യക്കാർ തന്നെ നൽകിയിരിക്കുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരുപാടുപേർ യുവതിയെ സഹായിക്കാൻ മുന്നോട്ട് വന്നു. സന്ദർശിക്കാൻ കഴിയുന്ന ശാന്തമായ സ്ഥലങ്ങൾ പലരും നിർദേശിച്ചിട്ടുണ്ട്. ഇന്ത്യക്കാർക്ക് പോലും ചിലപ്പോഴിത് സഹിക്കാൻ പാടാണെന്ന കമൻ്റുകളും ചിലർ പങ്കുവച്ചിട്ടുണ്ട്.