ആഭ്യന്തര സംഘർഷം: 'സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി
ആഭ്യന്തര സംഘർഷം: 'സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ
Published on

സിറിയയില്‍ ആഭ്യന്തര സംഘർഷം ശക്തമായതിനെത്തുടർന്ന് രാജ്യത്തേക്കുള്ള യാത്രകള്‍ പൂർണമായും ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നല്‍കി ഇന്ത്യ. അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറും ഇമെയിൽ ഐഡിയുമായി സർക്കാർ പ്രസ്താവനയിറക്കി. നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും 'ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ' ആണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം.

ലഭ്യമായ ഏറ്റവും നേരത്തെയുള്ള വാണിജ്യ വിമാനങ്ങൾ വഴി സിറിയ വിടാനാണ് ഇന്ത്യ പ്രസ്താവനയില്‍ പറയുന്നത്. ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുടെ എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ (+963 993385973) ആണ് അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയിരിക്കുന്നത്. ഈ നമ്പറില്‍ വാട്സാപ്പ് സൗകര്യവും ലഭ്യമാകും. പ്രസ്താവനയില്‍ അടിയന്തര ഇമെയില്‍ ഐഡിയും (hoc.damascus@mea.gov.in) പങ്കുവെച്ചിട്ടുണ്ട്. സ്റ്റാഫുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ വിവരങ്ങള്‍ ലഭ്യമാകുമെന്നും പ്രസ്താവന പറയുന്നു.

Also Read: സിറിയയിൽ അലെപ്പോയ്ക്കും ഹമായ്ക്കും പിന്നാലെ ഹംസോ? നഗരത്തിൽ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് പേ

നിലവില്‍ സിറിയ വലിയ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ബഷാർ അൽ-അസാദ് ഭരണകൂടം തുർക്കിയുടെ പിന്തുണയുള്ള വിമത ഗ്രൂപ്പുകളാലും മിലിഷ്യകളാലും ചുറ്റപ്പെട്ടിരിക്കുകയാണ്. സിറിയൻ നഗരങ്ങളായ അലെപ്പോയും ഹമയും വിമതർ പിടിച്ചെടുത്തതോടെ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമായ ഹോംസിൽ നിന്നും  ജനങ്ങള്‍ കൂട്ട പലായനം ചെയ്യുകയാണ്. സർക്കാരിന് കൂടുതൽ സ്വാധീനമുള്ള മേഖലകളില്‍ സുരക്ഷ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. അടുത്ത വിമത മുന്നേറ്റം ഹോംസിലാകും സംഭവിക്കുകയെന്ന ആശങ്കയാണ് കൂട്ട പലായനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. മറ്റ് നിരവധി സിറിയൻ നഗരങ്ങളുടെ നിയന്ത്രണം ഇതിനോടകം തന്നെ സർക്കാരിനു നഷ്ടമായിക്കഴിഞ്ഞു. പല നഗരങ്ങളും ഒരു വെടിയുണ്ട പോലും ഉതിർക്കാതെയാണ് വിമതർ പിടിച്ചടക്കിയിരിക്കുന്നത്. 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com