സിറിയയിൽ അലെപ്പോയ്ക്കും ഹമായ്ക്കും പിന്നാലെ ഹംസോ? നഗരത്തിൽ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിന് പേർ

അടുത്ത വിമത മുന്നേറ്റം ഹംസിലാകും സംഭവിക്കുകയെന്ന ആശങ്കയാണ് കൂട്ട പലായനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്
സിറിയയിൽ അലെപ്പോയ്ക്കും ഹമായ്ക്കും പിന്നാലെ ഹംസോ? നഗരത്തിൽ നിന്ന് 
പലായനം ചെയ്തത് ആയിരക്കണക്കിന് പേർ
Published on

സിറിയൻ നഗരങ്ങളായ അലെപ്പോയും ഹമയും വിമതർ പിടിച്ചെടുത്തതോടെ തൊട്ടടുത്ത നഗരമായ ഹംസിൽ കൂട്ട പലായനം. ആയിരക്കണക്കിന് ജനങ്ങൾ സർക്കാരിന് കൂടുതൽ സ്വാധീനമുള്ള മേഖലകളിലേക്ക് നീങ്ങുകയാണ്. അടുത്ത വിമത മുന്നേറ്റം ഹംസിലാകും സംഭവിക്കുകയെന്ന ആശങ്കയാണ് കൂട്ട പലായനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നത്.

സിറിയയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് രണ്ടാമത്തെ പ്രധാന നഗരമായ അലെപ്പോ വിമതർ കീഴടക്കിയത്. അധികം വൈകാതെ തൊട്ടടുത്ത നഗരമായ ഹമയും വിമതർ കൈവശപ്പെടുത്തി. ഇതോടെയാണ് ഹംസിൽ നിന്ന് കൂട്ടപലായനം തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി ആയിരക്കണക്കിന് പേർ നഗരം വിട്ടുപോയെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ആയിരക്കണക്കിന് കുടുംബങ്ങൾ ഒറ്റ രാത്രികൊണ്ട് നഗരം കടക്കാൻ ശ്രമിച്ചത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.

ഹംസിൽ വിമതർ വേഗത്തിൽ തന്നെ മുന്നേറ്റം നടത്തിയേക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. അലെപ്പോ, ഹമ നഗരങ്ങൾക്ക് തൊട്ടടുത്താണ് ഹംസ്. ശേഷം തലസ്ഥാനമായ ഡമാസ്ക്കസിലേക്കാകും വിമതർ മുന്നേറുക. രാജ്യത്തെ മെഡിറ്ററേനിയൻ തീരപ്രദേശങ്ങളായ ലതാകിയ, ടാർട്ടസ് എന്നിവിടങ്ങളിലേക്കാണ് ജനം കൂട്ടത്തോടെ പലായനം ചെയ്യുന്നത്. സിറിയൻ ഭരണകൂടത്തിന്റെ ശക്തികേന്ദ്രങ്ങളാണിത്.

എന്നാൽ സിറിയയെ പുന:സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ലെബനൻ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് സിറിയൻ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാനാണ് നീക്കമെന്നും തഹ്രീർ അൽ ഷാം നേതാവ് അബു മൊഹമ്മദ് അൽ ജൊലാനി പ്രതികരിച്ചു. സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് തഹ്രീർ അൽ ഷാം നേതാവ് പ്രതികരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com