

പാകിസ്താൻ രാഷ്ട്രീയത്തിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൂടിയാണ് കഴിഞ്ഞരാത്രിയിൽ സംഭവിച്ചത്. പാക് ഭരണം പിടിച്ചെടുക്കാൻ ജനറൽ അസിം മുനീർ നടത്തുന്ന നീക്കങ്ങൾക്ക് ഇനി വേഗം കൂടുമോ എന്നാണ് അറിയാനുള്ളത്.
പാകിസ്ഥാൻ രാഷ്ട്രീയത്തിന് എന്നും രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളു. ഒന്ന് സൈന്യം ഭരിക്കുന്ന രീതി. രണ്ട് സൈന്യം തീരുമാനിക്കുന്നത് സർക്കാർ നടപ്പാക്കുന്ന രീതി. സൈന്യത്തെ എതിർത്തവരെല്ലാം ഒന്നുകിൽ അകാലത്തിൽ കൊല്ലപ്പെട്ടു. അല്ലെങ്കിൽ ജയിലിലായി. സൈന്യത്തിൽ നിന്നു വന്നു ഭരണത്തിലിരുന്ന പർവേശ് മുഷറഫ് ഉൾപ്പെടെയുള്ളവരും ഇങ്ങനെ വേട്ടയാടപ്പെട്ടു. ആ പാകിസ്ഥാൻ രാഷ്ട്രീയത്തിലേക്കു കൂടിയാണ് ഇന്ത്യ ഇപ്പോൾ സർജിക്കൽ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്.
ബലൂചിസ്താൻ ട്രെയിൻ റാഞ്ചൽ കഴിഞ്ഞപ്പോൾ മുതൽ വിമർശന നടുവിലാണ് സൈനികമേധാവി ജനറൽ അസീം മുനീർ. ജിഹാദി ജനറൽ എന്നുവരെ വിശേഷിപ്പിക്കപ്പെടുന്ന മുനീർ ആണ് പാകിസ്താനിലെ ഭീകരപ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പൻ. പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് കശ്മീർ പാകിസ്താന്‍റെ ഹൃദയധമനിയാണെന്ന് പ്രഖ്യാപിച്ചത് ഈ സൈനിക മേധാവിയാണ്.
അയൂബ് ഖാനും യഹ്യാ ഖാനും സിയാ ഉൾ ഹഖും പർവേസ് മുഷറഫും സഞ്ചരിച്ച വഴിയാണ് അസീം മുനീർ ഉറ്റുനോക്കിയിരുന്നത്. പാകിസ്താന്‍റെ പ്രസിഡന്‍റ് പദവിയിലേക്കു വരാൻ സൈന്യത്തെ മാത്രമല്ല അസിം മുനീർ ഒപ്പം നിർത്തിയിരുന്നത്. ഖുർ ആൻ പണ്ഡിതൻ എന്ന നിലയിൽ തീവ്രയാഥാസ്ഥിതിക പുരോഹിതരെക്കൂടിയാണ് ഒപ്പം കൂട്ടാൻ ശ്രമിച്ചിരുന്നത്. അധികാരത്തിലേക്കുള്ള ആ യാത്രയിൽ ആദ്യ തിരിച്ചടി വന്നത് ബലൂചിസ്താനിലാണ്. സൈന്യത്തിനുള്ള ജനപ്രീതി അവിടെ വല്ലാതെ ഇടിഞ്ഞു. ആ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ നടത്തിയ നീക്കമായിരുന്നു പഹൽഗാമിലേത്.
യുദ്ധം വന്നാൽ സൈന്യം ശ്രദ്ധയിലെത്തുമെന്നും അധികാരത്തിലേക്കു നടന്നുകയറാം എന്നുമായിരുന്നു അസീം മുനീറിന്‍റെ കണക്കുകൂട്ടൽ. മുനീറിന്‍റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് ഇന്ത്യ തിരിച്ചടി നൽകിയത്. രണ്ടാഴ്ച സമയംകിട്ടിയിട്ടും നേരിടാനുള്ള തയ്യാറെടുപ്പു നടത്താൻ കഴിയാതിരുന്ന സൈന്യമാണ് പാകിസ്താനിൽ വിമർശിക്കപ്പെടുന്നത്. സൈന്യത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിന്‍റെ ശക്തിചോരുമോ എന്നാണ് ഇനിയുള്ള ദിവസങ്ങളിൽ അറിയാനുള്ളത്.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനുവേണ്ടി തെരുവുകളിലെങ്ങും റാലികൾ നടക്കുകയാണ്. ഇപ്പോൾ ഭരിക്കുന്ന ഷെഹ്ബാസ് ഷെരീഫും വിമർശന നടുവിലാണ്. ജനപ്രീതി ഇടിഞ്ഞ സർക്കാരാണ് ഭരിക്കുന്നത് എന്നതിനാൽ ഇമ്രാൻ അനുകൂല റാലികൾ ജനകീയ പ്രക്ഷോഭമാകാനും സാധ്യതയുണ്ട്. പാകിസ്താന് മുന്നിൽ ഇപ്പോൾ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളി സൈനികമായി മാത്രമല്ല, രാഷ്ട്രീയമായിക്കൂടിയാണ്. അസിം മുനീർ ഈ പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യം നേടുമോ, അതോ ഇമ്രാൻ ഖാൻ തടവറ ഭേദിച്ചു പുറത്തുവരുമോ? ഇതാണ് പാകിസ്ഥാൻ രാഷ്ട്രീയം ഇപ്പോൾ ഉയർത്തുന്ന ചോദ്യം.