പാകിസ്ഥാനിലെ ബവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്‌ഹറിൻ്റെ കുടുംബാംഗങ്ങളുണ്ടെന്ന് റിപ്പോർട്ട്. മസൂദ് അസ്ഹറിൻ്റെ സഹോദരി അടക്കം 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ബിബിസി ഉറുദുവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ ബവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാൻ്റെ പങ്ക് വ്യക്തമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പ്രതികരിച്ചിരുന്നു. വളരെ കിരാതമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കല്‍ കൃത്യതയോടെ ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. അജ്മല്‍ കസബ്, ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നിവരടക്കമുള്ള ഭീകരര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സോഫിയ ഖുറേഷി വിവരിച്ചു.
പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ നശിപ്പിച്ചു. ഇൻ്റലിജന്‍സ് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും കര-നാവിക-വ്യോമസേനയുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.