പ്രദേശത്ത് കനത്ത ഷെല്ലിങ്ങ് നടക്കുന്നതിനിടെയായിരുന്നു പാകിസ്ഥാന്റെ ഡ്രോണാക്രമണം
പഞ്ചാബിലെ പത്താൻകോട്ട് പ്രവിശ്യയിൽ പാകിസ്ഥാൻ വ്യോമ സേനാ ജെറ്റ് ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി റിപ്പോർട്ട്. സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. പ്രദേശത്ത് കനത്ത ഷെല്ലിങ്ങ് നടക്കുന്നതിനിടെയായിരുന്നു പാകിസ്ഥാന്റെ ഡ്രോണാക്രമണം.
അതിർത്തിയോട് ചേർന്നു കിടക്കുന്ന ജമ്മു, പത്താൻകോട്ട്, ഉധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക് ആക്രമണം നടന്നതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തോട് ഇന്ത്യൻ സായുധ സേന വിജയകരമായി പ്രതികരിച്ചുവെന്നും ജീവഹാനിയില്ലെന്നും ഹെഡ്ക്വാർട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്നും പാകിസ്ഥാൻ തലസ്ഥാനം ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളും കറാച്ചി തുറമുഖവും കേന്ദ്രീകരിച്ച് പ്രത്യാക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. കറാച്ചി തുറമുഖം ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിക്രാന്ത് പൂർണമായി തകർത്തുവെന്നും തുടർ ആക്രമണങ്ങൾക്ക് 26ഓളം പടക്കപ്പലുകൾ സജ്ജമാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം സൈന്യമോ പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയുടെ അതിർത്തികളിലെ നിലവിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച എല്ലാ അതിർത്തി കാവൽ സേനകളുടെയും ഡയറക്ടർ ജനറൽമാരുമായി യോഗം വിളിച്ചു ചേർത്തു. ജമ്മു, രാജസ്ഥാൻ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ വൻതോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ഇന്ത്യൻ സേനയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്. സത്വാരി, സാംബ, ആർഎസ് പുര, അർനിയ, ജയ്സാൽമീർ എന്നിവിടങ്ങളിലാണ് പാക് ആക്രമണങ്ങൾ നടന്നത്. ഇവിടങ്ങളിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.