പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് രാജ്യം നടത്തുന്നത്
പ്രതീകാത്മക ചിത്രം
അതിർത്തി സംസ്ഥാനങ്ങളിലെ പാക് ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ പ്രത്യാക്രമണം നടത്തിയതായി സൂചന. ലാഹോർ, സിയാൽകോട്ട്, റാവൽപിണ്ടി, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകള്‍. എന്നാൽ സൈന്യം ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ തകർത്തിരുന്നു. ഇന്ത്യൻ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ് ഉള്‍പ്പെടെയുള്ള വിവിധ ഇടങ്ങളില്‍ പാകിസ്ഥാന്‍ മിസൈൽ, ഷെല്ലാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്.
അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു പാക് ആക്രമണം. ആക്രമണം നടത്തിയ പാകിസ്ഥാന്റെ മൂന്ന് പോർ വിമാനങ്ങള്‍ ഇന്ത്യ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെഎഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ തകർത്തത്. 50ല്‍ അധികം ഡ്രോണുകളും എട്ടോളം മിസൈലുകളും ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കിയതായാണ് റിപ്പോർട്ട്. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക് ആക്രമണത്തെ ഇന്ത്യ നേരിട്ടത്. സാംബ, അഖ്‌നൂര്‍, രജൗരി, റിയാസി എന്നിവിടങ്ങില്‍ കനത്ത ഷെല്ലിങ്ങാണ് പാകിസ്ഥാൻ നടത്തിയത്.
Also Read: വീണ്ടും പാക് ആക്രമണം; യുദ്ധ വിമാനങ്ങളും ഡ്രോണുകളും വെടിവെച്ചിട്ട് ഇന്ത്യ
അതേസമയം, പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളാണ് രാജ്യം നടത്തുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. പ്രതിരോധ മന്ത്രി സൈനിക മേധാവികളുമായി ഉടനെ കൂടിക്കാഴ്ച നടത്തും. വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ അവധിയും റദ്ദാക്കി. ഇതിനു പുറമേ ഡൽഹി, ബിഹാർ, തുടങ്ങിയ സംസ്ഥാനങ്ങളും അവധിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു.