കഴിഞ്ഞദിവസം ഒളിമ്പിക് സ്വർണമെഡൽ ജേതാവും പാകിസ്താന്റെ ജാവലിൻ താരവുമായ അർഷദ് നദീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. സൈനിക തലത്തിൽ ഇന്ത്യയുടെ കരുത്തറിയിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. യുപിയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലും നടന്നു. അതേസമയം അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതായാണ് റിപ്പോർട്ട്.
സൈനിക തലത്തിലും നയതന്ത്രതലത്തിലും ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭ സുരക്ഷ സമിതി യോഗം ഉടൻ ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രണ്ട് ആണവരാജ്യങ്ങൾ തമ്മിൽ അതിർത്തിയിൽ സംഘർഷം തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. അതിനാൽ സുരക്ഷ കൗൺസിൽ വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്രീസിൻ്റെ സ്ഥിരം പ്രതിനിധിയും മെയ് മാസത്തെ സുരക്ഷാ കൗൺസിലിൽ പ്രസിഡൻ്റുമായ ഇവാഞ്ചലോസ് സെകെറിസ് വ്യക്തമാക്കി.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ ഇടപെടൽ നടത്തുന്നതിൻ്റെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യ ബ്ലോക്ക് ചെയ്തു. ഒപ്പം പാക് ക്രിക്കറ്റ് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു. കഴിഞ്ഞദിവസം ഒളിമ്പിക് സ്വർണമെഡൽ ജേതാവും പാകിസ്താന്റെ ജാവലിൻ താരവുമായ അർഷദ് നദീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇന്ത്യയിൽ നിരോധിച്ചിരുന്നു. പ്രകോപനപരവും വർഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്താൻ യുട്യൂബ് ചാനലുകളും ഇന്ത്യയിൽ നിരോധിച്ചു.
AlsoRead;പഹൽഗാം ഭീകരാക്രമണം: പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്ക്
സൈനിക തലത്തിൽ ശക്തി പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന യുദ്ധ വിമാനങ്ങളുടെ പരിശീലനപ്പറക്കൽ നടത്തി. ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ പുതുതായി നിർമ്മിച്ച എയർസ്ട്രിപ്പിൽ റഫാൽ, മിഗ്, സുഖോയ്, മിറാഷ് വിമാനങ്ങൾ പറന്നിറങ്ങിയും പറന്നുപൊങ്ങിയുമാണ് പരിശീലനം നടത്തിയത്. പ്രതികൂല കാലാവസ്ഥയിലും യുദ്ധസാഹചര്യങ്ങളിലും അടിയന്തരമായി ഉപയോഗിക്കാവുന്നതാണ് ഗംഗാ എക്സ്പ്രസ് വേയിൽ പുതുതായി നിർമ്മിച്ച എയർസ്ട്രിപ്പ്. സൈനിക വിമാനങ്ങൾക്ക് രാത്രിയിലും ഇവിടെ ലാൻഡിങും ടേക്ക്ഓഫും സാധ്യമാണ്.
അതിനിടെ, പാക് വ്യോമ പാത ഒഴിവാക്കാൻ വിദേശ വിമാനക്കമ്പനികൾ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, സ്വിറ്റ്‌സർലൻഡ്, എയർ ഫ്രാൻസ്, എന്നി കമ്പനികളാണ് പാക് വ്യോമ പാത സ്വമേധയാ ഒഴിവാക്കുന്നത്. പാകിസ്ഥാന് നയതന്ത്രതലത്തിലും സാമ്പത്തികമായും തിരിച്ചടി നൽകുന്നതാണ് ഈ നീക്കം,നേരത്തെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാക് വ്യോമപാതയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
അതേസമയം ഇന്ത്യയ്ക്ക് ആശ്വാസമായി പാകിസ്ഥാൻ തടങ്കലിലാക്കിയ ബിഎസ്എഫ് സൈനികൻ പർനാം കുമാർ ഷായുടെ ഭാര്യ രജനി ഷായുടെ വെളിപ്പെടുത്തൽ പുറത്തുവന്നു. പർനാം കുമാർ ഷാ സുരക്ഷിതനാണ്. പാക് സൈന്യവുമായി ചർച്ചകൾ നടക്കുകയാണെന്നും പികെ ഷാ ഉടൻ മോചിതനാകുമെന്നുമാണ് പ്രതീക്ഷയെന്നും രജനി ഷാ പറഞ്ഞു. കൊൽക്കത്തയിൽ നിന്ന് പത്താൻ കോട്ടിലെത്തി ബിഎസ്എഫ് ഉദ്യോഗസ്ഥരെ കണ്ട ശേഷമാണ് രജനിയുടെ പ്രതികരണം.
യുദ്ധം ഉടനുണ്ടാകുമെന്ന ഭീതിയിൽ ഇന്ത്യ പാക് അന്താരാഷ്ട്ര അതിർത്തിയിൽ പ്രദേശവാസികൾ ബങ്കറുകൾ കുഴിക്കുന്നതായും ഭക്ഷണവും മരുന്നുകളും ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.